brahmos

ന്യൂഡല്‍ഹി : സ്വന്തം ആയുധപ്പുര മെയ്ഡ് ഇന്‍ ചൈനകൊണ്ട് നിറയ്ക്കുന്ന പാകിസ്ഥാന് കഴിഞ്ഞയാഴ്ച ചൈനയില്‍ നിന്നും പുതിയ ഒരു ഓഫര്‍ ലഭിച്ചിരുന്നു. തങ്ങളുടെ ഏറ്റവും നൂതനമായ യുദ്ധക്കപ്പല്‍ പാകിസ്ഥാന് വില്‍ക്കാന്‍ ചൈന തയ്യാര്‍ എന്നായിരുന്നു ആ റിപ്പോര്‍ട്ട്. ഇതിന് പുറമേ അടുത്ത വര്‍ഷം അവസാനത്തോടെ സമാനമായ മൂന്ന് യുദ്ധക്കപ്പലുകള്‍ കൂടി നല്‍കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനെ പടച്ചട്ടയണിയിച്ച് മുന്നില്‍ നിര്‍ത്താമെന്ന സ്വപ്നത്തിലാണ് ചൈന ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന നിലപാടാണ് ഇന്ത്യയും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


ചൈനയുടെ എതിരാളികള്‍ക്ക് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു എന്ന വാര്‍ത്ത ദേശീയ മാദ്ധ്യമങ്ങളടക്കം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ സാഹചര്യത്തിലാണ്. മറ്റുരാജ്യങ്ങളുടെ ആയുധ രഹസ്യങ്ങള്‍ ചോര്‍ത്തിയും റിവേഴ്സ് എഞ്ചിനീയറിംഗ് പ്രക്രിയയിലൂടെയും നിര്‍മ്മിക്കുന്ന ചൈനീസ് ആയുധങ്ങളെ വച്ചു നോക്കിയാല്‍ ഗുണമേന്‍മയിലും പ്രഹര ശേഷിയിലും തല കുനിക്കാത്തതാണ് ഇന്ത്യ റഷ്യ സംരംഭത്തില്‍ നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലുകള്‍. വിമാനം, കര, അന്തര്‍വാഹിനികള്‍, കപ്പലുകള്‍ എന്നിവയില്‍ വിക്ഷേപിക്കുന്ന വിവിധ പതിപ്പുകള്‍ ബ്രഹ്മോസില്‍ ഇന്ത്യയ്ക്ക് സ്വന്തമായിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ പ്രത്യേകിച്ച് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ബ്രഹ്മോസില്‍ കണ്ണുവച്ചിട്ട് നാളേറെയായെങ്കിലും ആയുധ വില്‍പ്പനയിലേക്ക് ഇന്ത്യ കടക്കാതിരുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്.

എന്നാല്‍ ബ്രഹ്മോസിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ മുന്‍നിലപാടുകളില്‍ മാറ്റം വരുത്തുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുന്ന പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ സൈനിക ഇനങ്ങളുടെ പട്ടികയില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ വിയറ്റ്നാമുമായും ഇന്തോനേഷ്യയുമായും ഫിലിപ്പീന്‍സുമായും യുഎഇയുമായും ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട് എന്ന വിവരമാണുളളത്.

ചൈനാകടലിലടക്കം ചൈനയുടെ കയ്യേറ്റ ശ്രമങ്ങളെ നേര്‍ക്കു നേര്‍ അഭിമുഖീകരിക്കുന്ന രാജ്യങ്ങളാണ് ബ്രഹ്മോസിന്റെ ശക്തി ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ അയല്‍ക്കാരെ ശക്തിപ്പെടുത്താന്‍ ചൈന ശശ്രമിക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഇന്ത്യയുടെ ശ്രമം എന്ന് വ്യക്തം.