pulwama

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ജെയ്ഷെ ഭീകരർക്ക് പാകിസ്ഥാനിലെ ആസൂത്രകർ നിർദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജമ്മുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വീഡിയോ കാട്ടി കാശ്‌മീരിലെ യുവാക്കളെ വഴിതെറ്റിക്കാനും ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനുമാണ് പാകിസ്ഥിനിലെ കൊടുംഭീകരർ ലക്ഷ്യമിട്ടതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

പുൽവാമയിൽ നടത്തിയതിന് സമാനമായ മറ്റൊരു ഭീകരാക്രമണംകൂടി 2019ൽ തന്നെ നടത്താനും ജെയ്ഷെ മുഹമ്മദ് ഭീകരർ പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

ചാവേർ സ്ഫോടനം നടത്തുന്നതിന് ഒരു തീവ്രവാദിയെ തിരഞ്ഞെടുക്കുകയും സ്ഫോടക വസ്തുക്കൾ സമാഹരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമസേന അതിർത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തെ തുടർന്ന് ഭീകരർക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നുവെന്നും 13,800 പേജുകളുള്ള കുറ്റപത്രത്തിൽ എൻ.ഐ.എ പറയുന്നു.

ജെയ്ഷെ മുഹമ്മദ് ഭീകരൻ മൗലാന മസൂദ് അസ്ഹർ, അയാളുടെ സഹോദരങ്ങളായ അബ്ദുൾ റൗഫ് അസ്ഗർ, അമർ അൽവി, കൊടുംഭീകരൻ മുഹമ്മദ് ഉമർ ഫാറൂഖ് തുടങ്ങിയവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയതിന്റെ സൂത്രധാരൻ ഇബ്രാഹീം അത്തറിന്റെ മകനാണ് മുഹമ്മദ് ഉമർ ഫാറൂഖെന്നും കുറ്റപത്രത്തിൽ പറയുന്നു. 2018 ൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഫാറൂഖ് പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുക്കുകയും ഹീനമായ വീഡിയോ തയ്യാറാക്കാൻ ഭീകരർക്ക് നിർദേശം നൽകുകയും ചെയ്തുവെന്നാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുള്ളത്.