ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ലെസ്റ്റർസിറ്റിയുടെ സൂപ്പർ താരം ജാമി വാർഡി ക്ലബുമായുള്ള കരാർ പുതുക്കി. 2022/23 സീസൺ വരെയാണ് 33 കാരനായ വാർഡി ലെസ്റ്ററുമായി കരാർ പുതുക്കിയത്. 2012ലാണ് വാർഡി ലെസ്റ്ററിലെത്തിയത്. 309 മത്സരങ്ങളിൽ നിന്ന് ക്ലബിനായി 129 ഗോളുകൾ നേടിയിട്ടുണ്ട്. 2015/16 സീസണിൽ ലെസ്റ്ററിനെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് വാർഡി.
ഇത്തവണ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലെസ്റ്റർ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം ടീമിന്റെ ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെൽ ചെൽസിയുമായി കരാറിൽ ഒപ്പുവച്ചു. 4 വർഷത്തെ കരാറിലാണ് ചിൽവെൽ ചെൽസിയിലെത്തിയത്.
23 കാരനായ ചിൽവെൽ 11 മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 2015ൽ ലെസ്റ്ററിലെത്തിയ ചിൽവെൽ അവർക്കായി 123 മത്സരങ്ങളിൽ ബൂട്ട് കെട്ടി.