ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ 23 കാരിയായ യുവതി നിർണായക പങ്കുവഹിച്ചതായി ദേശീയ അന്വേഷണ ഏജൻസി.ഇൻഷാ ജാൻ എന്ന യുവതിയാണ് ആക്രമണത്തിനായി ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സഹായിച്ചത്. ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഉമർ ഫാറൂഖുമായി ഇൻഷാ ജാൻ നിരവധി തവണ ഫോണിലൂടെയും മറ്റു സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടെയും ബന്ധപ്പെട്ടിട്ടുളളതായും എൻ.ഐ.എ പറയുന്നു.
ഇന്ത്യൻ സേനയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ ഇൻഷാ ഭീകരർക്ക് കെെമാറിയിരുന്നു. തുടർന്നാണ് സേനാംഗങ്ങൾക്ക് നേരം ഭീകരവാദികൾ ആക്രമണം നടത്തിയത്. യുവതി ഉമർ ഫാറൂഖുമായി നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ഇത് ഇവർ തമ്മിലുളള ബന്ധത്തിന് തെളിവാണെന്നും കുറ്റപത്രത്തിൽ അത് പരാമർശിച്ചിട്ടുണ്ടെന്നും മുതിർന്ന എൻ.ഐ.എ ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇൻഷയുടെ പിതാവിനു അവരുടെ ഭീകരവാദ ബന്ധം അറിയാമായിരുന്നതായി എൻ.ഐ.എ പറയുന്നു.ഭീകരവാദികൾക്ക് താമസം ഭക്ഷണം തുടങ്ങി ആക്രമണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തത് ഇവരാണെന്നും പറയപ്പെടുന്നു. 2018 19 വർഷങ്ങളിൽ ഭീകരവാദികൾ ഇവരുടെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ്-ഇ-മുഹമ്മദ് പുറത്തു വിട്ട വീഡിയോ ചിത്രീകരിച്ചത് ഇൻഷായുടെ വീട്ടിൽ വച്ചാണെന്നും എൻ.ഐ.എ പറയുന്നു.