നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ് സിനിമ മേഖല ഭരിക്കുന്ന മാഫിയയെ പറ്റിയുളള ചൂടുളള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറഞ്ഞ് നിന്നത്. സുശാന്തിന്റെ മരണത്തിൽ സംവിധായകൻ മഹേഷ് ഭട്ടും സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുമാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യ വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് ഭട്ടും അന്തരിച്ച നടി ജിയ ഖാനുമായുള്ള വീഡിയോ പുറത്തുവന്നത്.
വീഡിയോയിൽ ജിയോ ഖാനെ ചേർത്തുപിടിച്ചുകൊണ്ട് സംസാരിക്കുന്ന മഹേഷ് ഭട്ടിനെ കാണാനാകും. 2004ൽ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അന്ന് ജിയാ ഖാന് പതിനാറ് വയസു മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.2013 ലാണ് ജിയാ ഖാൻ ആത്മഹത്യ ചെയ്തത്. പിന്നാലെ ജിയായുടെ കാമുകനും നടനുമായ സൂരജ് പഞ്ചോളിയാണ് മരണത്തിന് കാരണമെന്ന തരത്തിൽ അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നതിനെ തുടർന്ന് കേസ് തള്ളുകയായിരുന്നു.
സുശാന്തിന്റെ മരണത്തിന് പിന്നാലെ മഹേഷ് ഭട്ടിനെതിരെ രൂക്ഷ വിമർശനവുമായി ജിയാ ഖാന്റെ മാതാവ് രംഗത്തെത്തിയിരുന്നു. സുശാന്തിന്റേയും ജിയയുടേയും മരണത്തിൽ സമാനതകളുണ്ടെന്നാണ് അവർ പറഞ്ഞത്. പതിനാറാം വയസ്സില്‍ എന്റെ മകള്‍ മഹേഷ് ഭട്ടിന് കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതു മുതല്‍ അയാള്‍ എന്നെ ഭയപ്പെടുത്തുകയായിരുന്നു. അവളെ ഒറ്റയ്ക്ക് വിട്ടേക്കാന്‍ എന്നോട് നിരന്തരം പറയുമായിരുന്നുവെന്നും ജിയായുടെ അമ്മ പറഞ്ഞു. ഇതിന് പിന്നാലെ വീഡിയോ പുറത്ത് വന്നത് മഹേഷ് ഭട്ടിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.