-secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സ്ഥലത്തെ സി സി ടി വി അടക്കമുളള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം സ്ഥലത്തുനിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനകൾക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ട‍ിയാണിത്.

കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം ഇന്നും രേഖപ്പെടുത്തും. തീപിടിത്തം ആദ്യം കണ്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും, സ്ഥലത്തേക്ക് ഓടിയെത്തിയവരുടേയും മൊഴികൾ പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഫൊറൻസിക് ഫലം വന്നാലുടൻ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കും.

തീയുണ്ടായത് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിന്റെ തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഒറ്റ ഫയലും പൂർണമായി നശിച്ചില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം. ഭാഗികമായി കത്തിയവ ഇന്ന് സ്കാൻ ചെയ്തെടുക്കും. കാമറയിൽ പകർത്തി എണ്ണം തിട്ടപ്പെടുത്തും. അതേസമയം, തീപിടിത്തത്തെക്കുറിച്ച് കേന്ദ്ര ഐ.ബിയോട് എൻ.ഐ.എ വിവരം തേടിയിട്ടുണ്ട്.