ന്യൂഡൽഹി: 41-ാം ജി എസ് ടി കൗണ്‍സിൽ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം. സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജി എസ് ടി നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെയാണ് യോഗം ചേരുന്നത്. ജി എസ് ടി നഷ്ടപരിഹാരം നിലവിലെ രീതിയിൽ സംസ്ഥാനങ്ങൾക്ക് നൽകാനാകില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
നികുതി വരുമാനത്തിലെ 14 ശതമാനം വര്‍ദ്ധന കണക്കാക്കിയാണ് കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. ലോക്ക്ഡൗണായതിനാൽ നഷ്ടപരിഹാരം നൽകാനായി ഏര്‍പ്പെടുത്തിയ സെസിൽ നിന്ന് വരുമാനം കിട്ടിയില്ലെന്നാണ് കേന്ദ്ര നിലപാട്. കേരളത്തിന് ഇതുവരെ 7300 കോടി രൂപയുടെ കുടിശികയാണ് കിട്ടാനുള്ളത്. ഇതോടൊപ്പം കൂടുതൽ ഉത്പന്നങ്ങൾക്കുമേൽ പുതിയ സെസുകൾ ചുമത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും.