m-a-yusuf-ali-

ദുബായ്: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ഇതുസംബന്ധിച്ച് തനിക്ക് ഒരു ബന്ധവുമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

"ഇതിനെതിരേയുള്ള കേരളസർക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ല. വിമാനത്താവളം നടത്തിപ്പുചുമതല കിട്ടാൻ അപേക്ഷിച്ചിട്ടുമില്ല. വിമാനത്താവള വികസനത്തിനും നവീകരണത്തിനും സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയിൽ വളരണമെന്നാണ് ആഗ്രഹം. നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലിൽ താൻ ഉൾപ്പെടെ 19,600 ഓഹരി ഉടമകളുണ്ട്.

കണ്ണൂരിൽ എണ്ണായിരത്തിലേറെയാണ് ഓഹരി ഉടമകൾ. അവിടെ ഇപ്പോഴും ഓഹരികൾ ആർക്കുവേണമെങ്കിലും വാങ്ങാനുമാവും. എന്നിട്ടും തന്നെമാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന്" യൂസഫലി പറഞ്ഞു.