തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്നതിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ചീഫ് സെക്രട്ടറി അന്വേഷണം മതിയാകില്ല. എൻ.ഐ.എ തന്നെ അന്വേഷിക്കണം. ഫയലുകൾ നശിപ്പിക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. കത്തി നശിച്ച ഫയലുകളിൽ ചിലതിന് ബാക്ക്അപ്പ് ഫയലുകൾ ഇല്ല. തീപിടിത്തത്തിന്റെ മറവിൽ പല ഫയലുകളും കടത്തുകയും ചെയ്തുവെന്നും ചെന്നിത്തല ആരോപിച്ചു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് യു.ഡി.എഫ് സമരം നടത്തിയത്. സെക്രട്ടറിയറ്റിലേക്ക് എത്തിയ ജനപ്രതിനിധികളെയും മാദ്ധ്യമങ്ങളെയും തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ആരോപണങ്ങൾ വാസ്‌തവ വിരുദ്ധമാണ്. കുഴപ്പമുണ്ടാക്കിയത് പൊലീസാണ്. ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫീസറാണോ എന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് അഗ്നിശമനസേന. ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. രണ്ടു വർഷം മുമ്പ് മോക്ഡ്രിൽ നടന്ന മെയിൻബ്ലോക്കിൽ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിർദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും അഗ്നിശമനസേനയ്ക്കുണ്ട്.
സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് ഇരുപത്തിയൊന്നായിരം വാർഡുകളിൽ സത്യാഗ്രഹ സമരം നടക്കും. സ്വർണക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിൻവാതിൽ നിയമനം, സർക്കാരിന്റെ അഴിമതികൾ എന്നിവ സി.ബി.ഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയൽ കത്തിച്ച സംഭവം എൻ.ഐ.എ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം