തിരുവനന്തപുരം: പൊതുഭരണ വകുപ്പിൽ തീപിടിത്തമുണ്ടായ ഉടൻ സെക്രട്ടേറിയറ്റിലെത്തിയ തനിക്കെതിരെ കേസ് എടുത്തത് കാര്യമാക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ കേസ് എടുത്തതിനെ ഗൗരവമായി കാണുന്നില്ല. മുന്നൂറോളം കേസുകൾ ഇപ്പോൾ തന്നെ തനിക്കെതിരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ കേസ് എടുത്തത് അടക്കമുള്ള കാര്യങ്ങൾ തീപിടിത്തത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ്. ചീഫ് സെക്രട്ടറി എത്തുന്നതിന് മുമ്പ് താൻ സെക്രട്ടേറിയറ്റിൽ എത്തിയതിൽ ദുരൂഹമാണെന്ന് പറയുന്നവരോട് എന്ത് പറയാനാണ്. ചീഫ് സെക്രട്ടറി താമസിച്ച് സംഭവസ്ഥലത്ത് എത്തിയതിന് താനെന്തു ചെയ്യാനാണ്. തീപിടിത്ത വിഷയത്തിലെ സത്യം പുറത്തുവരുന്നത് വരെ ബി.ജെ.പി പ്രക്ഷോഭവവുമായി മുന്നോട്ട് പോകും. സംഭവത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ നിരന്തര ശ്രമങ്ങൾ നടന്നുവരികയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 13ന് പൊതുഭരണവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. തീപിടിത്തം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ ഇത്. കൊവിഡ് കാരണം പ്രോട്ടോക്കോൾ ഓഫീസ് രണ്ട് ദിവസമായി അടച്ചിട്ടിരുന്നെന്നാണ് ഇപ്പോൾ പറയുന്നത്. ഓഫീസ് അടച്ചിടുന്ന കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നോ? അടച്ചിട്ടിരുന്ന ഓഫീസിൽ പൊതുഭരണ വകുപ്പിലെ രണ്ട് ജീവനക്കാർ എന്തിനാണ് വന്നത്. തീപിടിച്ചു നശിച്ച ഫയലുകൾ അപ്രധാനമായതാണെന്ന് പൊതുഭരണ ഹൗസ് കീപ്പിംഗ് വിഭാഗം അഡിഷണൽ സെക്രട്ടറി പി.ഹണി പറഞ്ഞിരുന്നു. കത്തിയത് ഈ ഫയലുകളാണെന്ന് അദ്ദേഹത്തിന് എങ്ങനെ മനസിലായി. കത്തിയ ഫയലുകൾ ഏതൊക്കെയാണെന്ന് പറയേണ്ടത് പൊതുഭരണ വകുപ്പിലെ ഉന്നതരോ ചീഫ് സെക്രട്ടറിയോ ആണ്. എന്നാൽ, സർക്കാർ വിശദീകരണം വരുന്നതിന് മുമ്പ് ഹണി ഇക്കാര്യം പറഞ്ഞതെങ്ങനെയാണ്. ഇല്ലെങ്കിൽ അതെന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. സെക്രട്ടേറിയറ്റിലെ കോൺഫിഡൻഷ്യൽ ഫയലുകളൊന്നും ഇ-ഫയലുകളല്ല. നിരവധി വിവാദങ്ങളുടെ കേന്ദ്രമാണ് പ്രോട്ടോക്കോൾ ഓഫീസ്. സ്വർണക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് തീയിട്ടത്. ഈ കാര്യങ്ങളെല്ലാം എൻ.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.