jeff-bezos

വാഷിംഗ്ടൺ: ലോകധനികനായ ആമസോൺ സി ഇ ഒ ജെഫ് ബെസോസ് ഒരു ചരിത്രനേട്ടം സ്വന്തമാക്കി. ലോകചരിത്രത്തിൽ ആദ്യമായി 200ബില്യൺ ഡോളർ സമ്പാദിച്ച വ്യക്തിയെന്ന അപൂർ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. 202ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സമ്പാദ്യം. ഒറ്റദിവസം കൊണ്ട് 5.22 ബില്യൺ ഡോളർ ഉയർന്നതാണ് ജെഫ് ബെസോസിനെ ഈ അപൂർവ നേട്ടത്തിൽ കൊണ്ടെത്തിച്ചത്. അതിന് സഹായിച്ചതാകട്ടെ ഓഹരിവിപണിയിൽ ആമസോണിന്റെ മൂല്യം ഉയർന്നതും.


ലോക ധനികന്മാരുടെ പട്ടികയിൽ രണ്ടാംസ്ഥാനത്തുളള ബിൽഗേറ്റ്സുമായി ജെഫ് ബെസോസിന് സമ്പാദ്യത്തിന്റെ കാര്യത്തിൽ 78 ബില്യൻ ഡോളറിന്റെ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ട്. ബിൽഗേറ്റ്സിന് 124 ബില്യൻ ഡോളറിന്റെ സമ്പാദ്യമാണുളളത്. ഫേസ്ബുക്ക് മുതലാളി സുക്കർബർഗിന്റെ സമ്പാദ്യം 115 ബില്യൻ ഡോളറാണ്.

മുപ്പതുവയസുളളപ്പോഴാണ് ജെഫ് ബെസോസ് ആമസോൺ എന്ന മഹാപ്രസ്ഥാനത്തിന് തുടക്കമിട്ടത്. വയസ് ഇപ്പോൾ 56. കഡാബ്ര.കോം എന്നായിരുന്നു ആമസോണിന് ആദ്യം നൽകിയിരുന്ന പേര്. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേര് സ്വീകരിക്കുകയായിരുന്നു.

ആമസോണിന് തുടക്കം കുറിക്കുമ്പോൾ ഇന്റർനെറ്റിന്റെ അപാര സാദ്ധ്യതകളെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞിരുന്നില്ല. പുസ്തകങ്ങൾ ഓൺലൈനായി വില്പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. ബിരുദവും ചില കമ്പനികളിലെ തൊഴിൽ പരിചയവുമായിരുന്നു മുതൽക്കൂട്ട്. പുസ്തകങ്ങളിൽ നിന്ന് പതിയെ വിവിധമേഖലകളിലെ ഉല്പന്നങ്ങൾ വിൽക്കാൻ തുടങ്ങി. അതോടെ ഓഹരിവിപണിയിൽ ആമസോണിന്റെ വിപണിമൂല്യം ഉയർന്നു. ചെറിയ കമ്പനികളെ ഏറ്റെടുത്തും പുതിയ മേഖലകളിൽ കൈവച്ചും പിന്നീട് ആമസോൺ ഇന്നത്തെ നിലയിലേക്ക് പടർന്ന് പന്തലിക്കുകയായിരുന്നു.