തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്‌റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകാൻ അരുൺ ബാലചന്ദ്രന് നോട്ടീസ് നൽകി. മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അരുൺ ബാലചന്ദ്രൻ. സ്വർണക്കടത്ത് പ്രതികൾക്ക് റൂം ബുക്ക് ചെയ്തു നൽകിയെന്ന ആരോപണത്തെ തുടർന്ന് ഇയാളെ ഐ.ടി വകുപ്പിൽ നിന്നും പുറത്താക്കിയിരുന്നു.
അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത് കൂടാതെ മാദ്ധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരേയും ചോദ്യം ചെയ്യാനായി കസ്‌റ്റംസ് വിളിപ്പിച്ചിട്ടുണ്ട്. നയതന്ത്രബാഗിലെ സ്വർണം കസ്റ്റംസ് പിടികൂടിയ ദിവസം സ്വപ്ന സുരേഷും അനിൽ നമ്പ്യാരും രണ്ടു വട്ടം ഫോണിൽ സംസാരിച്ചതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാനാണ് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തെ കൂടാതെ സ്വപ്നയുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇവരിൽ ചിലർ ഒളിവിൽ പോകാൻ സ്വപ്നയ്ക്ക് സഹായം നൽകിയതായാണ് സൂചന.