ലക്നൗ: വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ച് മുപ്പത്തേഴുകാരിയെയും ഭിന്നശേഷിക്കാരനായ യുവാവിനെയും മർദ്ദിച്ചവശനാക്കിയശേഷം ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. ഉത്തർപ്രദേശിൽ ലക്നൗവിനുസമീപത്തായിരുന്നു സംഭവം. ഇരുവരുടെയും തല മൊട്ടയടിക്കുകയും മുഖത്ത് കറുപ്പുനിറം പൂശുകയും ചെയ്തു. യുവതിയുടെ ബന്ധുക്കളാണ് ഈ കൊടുംക്രൂരത ചെയ്തത്. പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: യുവതിയുടെ ഭർത്താവ് രണ്ടുമാസം മുമ്പ് ആത്മഹത്യചെയ്തിരുന്നു. അതിനുശേഷം അവരെ സഹായിച്ചിരുന്നത് ഭിന്നശേഷിക്കാരനായ നാൽപ്പതുകാരനായിരുന്നു. എന്നാൽ യുവതിയുടെ ചില ബന്ധുക്കൾക്ക് ഈ അടുപ്പം ഇഷ്ടമായിരുന്നില്ല. പറഞ്ഞുവിലക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഇരുവരും അതൊന്നും കാര്യമാക്കിയില്ല. ഇതാണ് അക്രമത്തിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞദിവസം ഇരുവരെയും പിടികൂടിയ ബന്ധുക്കൾ കൈകൾ പിന്നിൽകെട്ടിയശേഷം മർദ്ദിച്ചവശരാക്കുകയും ചെരുപ്പ് മാല അണിയിക്കുകയും ചെയ്തു. തുടർന്ന് തലമൊട്ടയടിച്ചശേഷം മുഖത്ത് കറുപ്പുനിറം പൂശി ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. ആർപ്പുവിളിച്ചുകൊണ്ട് ഗ്രാമവാസികൾ ഇവർക്ക് പുറകേ കൂടി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്നവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ കണ്ടെത്താനുളള ശ്രമവും ആരംഭിച്ചിട്ടുണ്ട്.