തിരുവനന്തപുരം: .സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളുടെ തുടർച്ചയായി സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തവും അപ്രതീക്ഷിത രാഷ്ട്രീയ ആക്രമണത്തിന് പ്രതിപക്ഷം കരുവാക്കിയത്,അവിശ്വാസപ്രമേയത്തെ മറികടന്ന വിജയത്തിനിടയിലും പിണറായി സർക്കാരിന് തിരിച്ചടിയായി. തീപിടിത്തത്തിന് പിന്നിൽ സ്വർണക്കടത്ത് കേസിന്റെ അട്ടിമറി ആരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും മത്സരിച്ച് ചാടി വീണത് സി.പി.എം കേന്ദ്രങ്ങളെയും ഞെട്ടിച്ചു. സർക്കാർ കൂടുതൽ പ്രതിരോധത്തിലുമായി. മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ബാലനും മാത്രമാണ് സർക്കാരിനായി കാര്യങ്ങൾ വിശദീകരിച്ച് അന്ന് രാത്രി രംഗത്തിറങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമുണ്ടായത് ഇന്നലെയാണ്.
അതേ സമയം, സെക്രട്ടറിയേറ്റിലെയും പരിസരങ്ങളിലെയും രാഷ്ട്രീയക്കളം പ്രതിപക്ഷം പിടിച്ചടക്കുന്നതാണ് കണ്ടത്. പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയേറ്റിലെത്തിയതും, പ്രതിപക്ഷനേതാവ് അന്ന് രാത്രി ഗവർണറെക്കണ്ട് അന്വേഷണമാവശ്യപ്പെട്ടതുമെല്ലാം, സംഭവത്തിന് പിന്നിലെന്തോ ചീഞ്ഞുനാറുന്നുവെന്ന പ്രതീതി ഉണർത്താൻ സഹായകമായി. ഇത് തിരിച്ചറിഞ്ഞാണ് കലാപ നീക്കമാരോപിച്ച് കോൺഗ്രസ്, ബി.ജെ.പി നേതൃത്വങ്ങൾക്കെതിരെ ഇടതുകേന്ദ്രങ്ങൾ രംഗത്തെത്തിയത്. സംഭവത്തിലെ പുകമറ നീക്കാൻ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കുറച്ചു കൂടി നേരത്തേ ഇടപെടേണ്ടിയിരുന്നുവെന്ന അഭിപ്രായം സി.പി.എം കേന്ദ്രങ്ങളിലുണ്ട്. സെക്രട്ടറിയേറ്റിൽ ഓഫീസ്. ഇതേ ബ്ലോക്കിലെ മൂന്നാമത്തെ നിലയിൽ മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് പ്രവർത്തിക്കവേ 2016ൽ തീപിടിത്തമുണ്ടായി. കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാൽ ഇത്തരമൊരു അപകട സാദ്ധ്യത തള്ളാനാവില്ലെന്ന് സർക്കാർ കേന്ദ്രങ്ങൾ വാദിക്കുന്നതിന്റെ അടിസ്ഥാനമിതാണ്. തീ പിടിത്തമുണ്ടായ ഉടനെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ സെക്രട്ടറിയേറ്റിലെത്തിയതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാനും, രാഷ്ട്രീയ ദുരൂഹത ആരോപിച്ച് എതിരിടാനുമാണ് ഇടതുനീക്കം.
സെക്രട്ടറിയേറ്റിലെ സുരക്ഷാവീഴ്ചയും ഗൗരവമായെടുക്കും. അവിശ്വാസപ്രമേയ ചർച്ചയെ സർക്കാർ നേട്ടമാക്കിയെന്ന് പറയുമ്പോഴും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകാതിരുന്നതിലും സി.പി.എമ്മിൽ മുറുമുറുപ്പുയരുന്നു. സർക്കാർ ഒളിച്ചോടിയെന്ന പ്രചാരണത്തിന് ബലമേകാൻ പ്രതിപക്ഷം ഇതവസരമാക്കി. പമ്പ മണൽക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ പരാതിയിൽ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിട്ടതും സർക്കാരിനേറ്റ മറ്റൊരടിയായി. തിരഞ്ഞെടുപ്പടുക്കുമ്പോൾ നിരന്തരം ആരോപണച്ചുഴികളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് ഇടതുമുന്നണിയിലുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. മുൻ യു.ഡി.എഫ് സർക്കാർ അവസാന കാലത്ത് നേരിട്ടതിന് സമാനമായ അന്തരീക്ഷമുണ്ടാവുമ്പോൾ പ്രത്യേകിച്ചും.
സംഘടനാ നേതാവിന്റെ ഇടപെടലും വിവാദത്തിൽ
പ്രോട്ടോക്കോൾ ഓഫീസിലെ തീപിടിത്തത്തെത്തുടർന്ന് സെക്രട്ടറിയേറ്റിലെ മുഖ്യ ഭരണാനുകൂല സംഘടനയുടെ പ്രധാനി നടത്തിയ ഇടപെടലുകളും വിവാദത്തിൽ. പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലക്കാരനായ അഡിഷണൽ സെക്രട്ടറി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥൻ ധൃതിപിടിച്ച് വിശദീകരണത്തിനൊരുമ്പെട്ടത് ദുരൂഹമാണെന്നാണ് ആക്ഷേപം.സ്വകാര്യ ചാനലിനോട് പ്രതികരിക്കവേ, ഫയൽ കത്തിച്ചെന്ന തരത്തിൽ ഇദ്ദേഹത്തിന് നാക്കു പിഴയുണ്ടായതും സെക്രട്ടറിയേറ്റിൽ സജീവ ചർച്ചാവിഷയമാണ്.. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകേണ്ടത് ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള പ്രോട്ടോക്കോൾ ഓഫീസറാണ്. അല്ലെങ്കിൽ, വകുപ്പിന്റെ മൊത്തം കസ്റ്റോഡിയനായ പൊതുഭരണ സെക്രട്ടറിയോ,സെക്രട്ടേറിയേറ്റിന്റെയാകെ കസ്റ്റോഡിയനായ ചീഫ്സെക്രട്ടറിയോ വിശദീകരിക്കണം.
സെക്രട്ടറിയേറ്റിലെ സി.സി ടി.വി ദൃശ്യങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ടും മറ്റും കേന്ദ്ര അന്വേഷണ ഏജൻസികളുമായി കത്തിടപാടുകൾ വരുന്നത് ഹൗസ് കീപ്പിംഗിന്റെ ചുമതലക്കാരനായ ഈ ഉദ്യോഗസ്ഥനാണ്. സി.സി ടി.വി ദൃശ്യങ്ങളുടെ കൈമാറ്റം സാങ്കേതിക കാരണങ്ങളാൽ വൈകുന്നു. ഇതിനിടെയുള്ള തീപിടിത്തവുംഅഡിഷണൽ സെക്രട്ടറിയുടെ വിശദീകരണവും ദുരൂഹത വർദ്ധിപ്പിക്കുന്നതായാണ് ആക്ഷേപം. മുഖ്യമന്ത്രി നേരിട്ടിടപെട്ട് നടത്തിയ ഭരണപരിഷ്കാര നടപടികൾക്കെതിരായ നിലപാടാണ് മുഖ്യഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിനുണ്ടായിരുന്നത്. മുഖ്യമന്ത്രിയെ വിമർശിക്കാനാവാത്തതിനാൽ പൊതുഭരണസെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയെ പേരെടുത്ത് വിമർശിച്ച് ലഘുലേഖ പോലുമിറക്കി. പരിഷ്കാര നടപടികൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംഘടനയിൽ നിന്ന് പുറത്താക്കി. ഈ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിക്കെതിരെ അട്ടിമറി നീക്കമുണ്ടോയെന്നും ചർച്ചകൾ നീളുന്നു.