തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തിലെ പ്രോട്ടോക്കോൾ സെക്ഷനിലെ മുഴുവൻ ഫയലുകളും പരിശോധിക്കും. എങ്കിൽ മാത്രമേ ഏതെല്ലാം ഫയലുകളാണ് നഷ്ടപ്പെട്ടതെന്ന് കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതോടൊപ്പം ഭാഗികമായി നശിച്ച ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കും. ഭാവിയിൽ ഏതെങ്കിലും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ സ്‌കാൻ ചെയ്ത് സൂക്ഷിച്ച ഫയലുകൾ കൈമാറാൻ സാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഫയൽ പരിശോധന വീഡിയോയിൽ പകർത്തും. ഇതിനായി എട്ട് ക്യാമറകൾ സ്ഥാപിച്ചു. ഇതോടൊപ്പം പൊതുഭരണവകുപ്പിലെ മുഴുവൻ ജീവനക്കാരുടേയും മൊഴിയും രേഖപ്പെടുത്തും.
സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തേടാൻ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്. അഞ്ച് ദിവസത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഒാഫീസർക്ക് കത്ത് നൽകി. തീപിടിച്ച ഭാഗത്ത് സി.സി.ടി.വി ഇല്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം മറുപടി നൽകും. അതേസമയം, സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് അഗ്‌നിശമനസേന.
ഫാനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. രണ്ടു വർഷം മുമ്പ് മോക്ഡ്രിൽ നടന്ന മെയിൻബ്ലോക്കിൽ സുരക്ഷമാനദണ്ഡങ്ങളിലുള്ള നിർദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും അഗ്നിശമനസേനയ്ക്കുണ്ട്. ചൊവാഴ്ചയുണ്ടായ തീപിടിത്തത്തിൽ അട്ടിമറി സാദ്ധ്യത ഉൾപ്പെടെയാണ് ദുരന്തനിവാരണ കമ്മീഷണർ എ.കൗശികന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ഈ സംഘത്തിൽ ഫയർഫോഴ്സ് ടെക്‌നിക്കൽ ഡയറക്ടർ നൗഷാദ് ഉണ്ടെങ്കിലും മറ്റൊരു അന്വേഷണ റിപ്പോർട്ട് നേരിട്ടാണ് അഗ്നിശമനസേന മുഖ്യമന്ത്രിക്ക് സമർപ്പിക്കുക.
ചുമരിലെ ഫാനിൽ നിന്നാണ് തീപടിച്ചത് എന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഫയർഫോഴ്സിന്റെ നിഗമനവും . എന്നാൽ രണ്ടു വർഷം മുമ്പ് സെക്രട്ടറിയേറ്റ് പരിസരത്ത് മോക്ഡ്രിൽ നടത്തിയ ശേഷം നൽകിയ ചില നിർദേശങ്ങൾ ഇനിയു നടപ്പായിട്ടില്ലെന്നും അഗ്നിശമനസേന തയാറാക്കുന്ന റിപ്പോർട്ടിലുണ്ട്.