ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ റോപ്‌വേയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം തികയുമ്പോഴേക്കും വെെദ്യുതി തടസം. ബുധനാഴ്ചയാണ് റോപ്‌വേയിൽ വെെദ്യുതി തടസം നേരിട്ടത്. തുടർന്ന് അടയ്ക്കുകയായിരുന്നു. വോൾട്ടേജിലെ ഏറ്റക്കുറച്ചിൽ കാരണം പ്രധാന എഞ്ചിനിൽ വെെദ്യുതി പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണിത്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ഗുവാഹത്തി മെട്രോ പൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റി(ജി എം ഡി എ)യിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടച്ചയായി വോൾട്ടേജിൽ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. ഇത് മെയിൻ എഞ്ചിനിൽ ചില വെെദ്യുത പ്രശ്നങ്ങൾക്ക് കാരണമായി. അതിനാൽ റോപ്‌വേയുടെ പ്രവർത്തനം താൽക്കാലികയായി നിറുത്തിവയ്ക്കേണ്ടി വന്നു.-ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ തടസം പരിഹരിക്കുന്നതിനായി എഞ്ചിനീയർമാർ ശ്രമം നടത്തുകയാണ്. നാളെ വീണ്ടും പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് റോപ്‌വേയുടെ ഉദ്ഘാടനം നടന്നത്. ബ്രഹ്മപുത്രയുടെ വടക്ക്-തെക്കൻ തീരങ്ങളിലായി 648 യാത്രകൾ ഇതിനകം നടത്തിയിട്ടുണ്ട്.1.8 കിലോ മീറ്റർ നീളമുള്ള റോപ് വേ 56.08 കോടി രൂപ ചിലവിലാണ് നിർമിച്ചത്. ഒരേസമയം 30 പേരെ വഹിക്കാൻ കഴിയുന്ന കാബിനുകളാണിവ.