ഇന്ത്യൻ അത്ലറ്റിക്സിൽ സാക്ഷാൽ മിൽഖാ സിംഗ് 200 മീറ്ററിൽ കുറിച്ച റെക്കാഡ് തിരുത്തിയെഴുത്തിയ ആലപ്പുഴയിലെ തയ്യൽക്കടക്കാരൻ പ്രകാശന്റെ മകൻ അനിൽകുമാർ പക്ഷേ ട്രാക്കിന് അകത്തും പുറത്തും നേരിട്ടത് അവഗണനകൾ മാത്രം.ട്രാക്കിൽ നിന്ന് നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയിട്ടുണ്ട് അനിൽ. രണ്ട് പതിറ്റാണ്ടുമുമ്പ് അനിൽ 100 മീറ്ററിൽ കുറിച്ച 10.21സെക്കൻഡിൽ കുറഞ്ഞ സമയത്ത് ഒാടിയെത്താൻ ഇന്ത്യയിൽ ഇന്നോളമാർക്കും കഴിഞ്ഞിട്ടില്ല. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ മെഡലണിഞ്ഞ ആദ്യ മലയാളിയും അനിൽകുമാർതന്നെ.
സാഫ് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്സ് എന്നിങ്ങനെ ഒരു അത്ലറ്റിന്റെ പരമലക്ഷ്യമായ പുണ്യകേന്ദ്രങ്ങളിലെല്ലാം പാദമുദ്ര പതിപ്പിച്ചിട്ടുണ്ട് അനിൽ. എന്നാൽ അതിന് അർഹതപ്പെട്ട അംഗീകാരം ഇദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. തനിക്കൊപ്പം മികവ് കാട്ടിയവർ അംഗീകരിക്കപ്പെട്ടപ്പോൾ താൻ മാത്രമെങ്ങനെ തിരസ്കരിക്കപ്പെട്ടു എന്ന് ഇന്നും അനിലിനറിയില്ല.ദേശീയ കായിക പുരസ്കാരങ്ങൾക്കായി ആരുടെയും പിന്നാലെ നടക്കാനും തയ്യാറായില്ല. പല തവണയും കായികപുരസ്കാരപ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ അനിൽകുമാർ പേര് പട്ടികയിൽ ഉണ്ടാകുമായിരുന്നു. പ്രഖ്യാപനം വരുമ്പോൾ അത് മാഞ്ഞുപോകും. സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക് സ്പോർട്സ് കൗൺസിൽ നൽകുന്ന ജി.വി രാജ പുരസ്കാരത്തിന്റെ കാര്യത്തിലും സമാനമായിരുന്നു സ്ഥിതി. ഒടുവിൽ ആരുടെയോ എഡിറ്റിംഗ് കുസൃതിയിൽ വിക്കിപീഡിയയിൽ അനിലിന്റെ പേരിനുനേരേ ഒരു അർജുന അവാർഡ് കുറിക്കപ്പെട്ടു. നിജസ്ഥിതി ബോധ്യമായപ്പോൾ അതും മാഞ്ഞുപോയി.
ഈ തിരിച്ചടികളൊന്നും അനിലിലെ പഴയ പട്ടാളക്കാരനെ തളർത്തിയിരുന്നില്ല.കൊടുങ്കാറ്റിന്റെ വേഗത്തിലോടി താൻ സൃഷ്ടിച്ച റെക്കാഡുകൾ എന്നെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയുണ്ടായിരിന്നു. ട്രാക്കിൽ നിന്ന് നേടിയ വേണ്ടാത്തൊരു മെഡൽ - കാലിലെ പരിക്ക്- പട്ടാളത്തിലെ ജോലി വിടാൻവഴിയൊരുക്കിയപ്പോഴും അനിൽ പതറിയിട്ടില്ല. തനിക്ക് പിൻഗാമികളെ കണ്ടെത്താൻ പരിശീലകന്റെ വേഷം കെട്ടുകയായിരുന്നു. ഇപ്പോഴും അത് തുടരുന്നു.
പക്ഷേ അനിലിനെ അവഗണിക്കാൻ കിട്ടുന്ന ഒരു അവസരവും കാലം വിട്ടുകളയുന്നില്ല. പഴയപട്ടാളക്കാരനായിരുന്നതിനാൽ പൊലീസിൽ ഒരു ജോലി നൽകുമോ എന്ന് അഭ്യർത്ഥിച്ച് അനിൽ 2013ൽ അന്നത്തെ സംസ്ഥാന ഗവൺമെന്റിലേക്ക് ഒരു കത്തുനൽകിയിരുന്നു. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം അതിന് മറുപടിയെത്തി, താങ്കൾക്ക് യോഗ്യതയില്ലാത്തതിനാൽ അപേക്ഷ നിരസിക്കുന്നുവെന്നായിരുന്നു ആ കത്ത്. ആ നിമിഷമാണ് താനേറെ തകർന്നുപോയതെന്ന് അനിൽ പറയും. ഇക്കാലമത്രയും താൻ നേടിയെടുത്ത നേട്ടങ്ങളൊന്നും യോഗ്യതയായി സർക്കാരിന് പോലും തോന്നിയിട്ടില്ലെങ്കിൽ എന്തു ചെയ്യാനാണ് ?.
ഇനിയെങ്കിലും പറയൂ, സർക്കാരുകളല്ലല്ലോ അവഗണനകളല്ലേ, സത്യത്തിൽ ഇത്രയും കാലം അനിൽകുമാറിനെ പരിഗണിച്ചിരുന്നത് ?.
അനിലിന്റെ നേട്ടങ്ങൾ
1.ഹരിപ്പാട് സ്വദേശിയായ അനിൽകുമാർ കോളേജിൽ പഠിക്കുമ്പോൾ ഡെക്കാത്ത്ലണിലൂടെയാണ് കായികരംഗത്തേക്ക് എത്തിയത്.പി.ടി ഉഷയെന്ന പ്രതിഭയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒാട്ടത്തിലേക്ക് തിരിഞ്ഞു.
2. 1994ൽ ആർമിയിലെത്തിയ അനിൽകുമാർ ആർമി ചാമ്പ്യൻഷിപ്പുകളിലൂടെ 100 മീറ്ററിൽ ശ്രദ്ധേയനായി.
3.1997ലെ നാഷണൽ ഒാപ്പൺ ചാമ്പ്യൻഷിപ്പിൽ രാജീവ് ബാലകൃഷ്ണന്റെ പേരിലുണ്ടായിരുന്ന 100 മീറ്ററിലെ റെക്കാഡ് തകർത്ത് രാജ്യത്തെ ഏറ്റവും വേഗതയേറിയ പുരുഷനായി.
4. പിന്നീട് പലതവണ സ്വന്തം റെക്കാഡ് തിരുത്തിയെഴുതി. 200 മീറ്ററിൽ മിൽഖ സിംഗ് സ്ഥാപിച്ച റെക്കാഡും തിരുത്തി.
5. 2000ത്തിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ വെള്ളിമെഡൽ നേടി. അതേവർഷം സിഡ്നി ഒളിമ്പിക്സിൽ മത്സരിച്ചു.സാഫ് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മീറ്റുകളിൽ മെഡലണിഞ്ഞു.