production

ന്യൂഡൽഹി: വർഷമാദ്യം രാജ്യത്ത് കൊവിഡ് രോഗം ചുവടുവച്ച് തുടങ്ങുന്ന സമയത്ത് ഇന്ത്യയിൽ രോഗത്തെ നേരിടാനുള‌ള അത്യാവശ്യ വസ്‌തുക്കളോ എന്തിന് മാസ്‌കിന് പോലും ക്ഷാമം അനുഭവപ്പെട്ടു.അത്യാവശ്യം വേണ്ട പിപിഇ കി‌റ്റുകൾ ചൈനയിൽ നിന്നും ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയും ഇറക്കുമതി ചെയ്‌തു. എന്നാൽ ഇതിൽ നിലവാരം കുറയുന്നതായി കണ്ടെത്തിയതിനാലും ഇന്ത്യയിലെ വ്യാപാരമേഖലയ്‌ക്ക് ഊർജ്ജമേകാനും പിപിഇ കി‌റ്റുകൾ ഇവിടത്തന്നെ നിർമ്മിക്കാൻ ആരംഭിച്ചു. ഇങ്ങനെ ഒരെണ്ണം പോലും നിർമ്മിക്കാത്തയിടത്ത് നിന്നും ജൂൺ മാസത്തോടെ 8 ലക്ഷത്തോളം കി‌റ്റുകളാണ് പ്രതിദിനം ഇന്ത്യ നിർമ്മിച്ചത്.

രാജ്യത്ത് നിന്നും പിപിഇ കി‌റ്റുകൾ കയ‌റ്റുമതിയും ആരംഭിച്ചതോടെ വരുന്ന അഞ്ച് വർഷം കൊണ്ട് 60 ലക്ഷം കോടി കി‌റ്റുകൾ നിർമ്മിച്ച് കയ‌‌റ്റുമതി ചെയ്യാനാകും എന്നാണ് കരുതുന്നത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നിവയും ഇന്തോനേഷ്യയും മ‌‌റ്റ് രാജ്യങ്ങളും പിപിഇ കി‌റ്റ് നിർമ്മാണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ചെറുതും വലുതുമായ 600ഓളം കമ്പനികളാണ് ഈ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

കൊവിഡ് അവശ്യചികിത്സാ വസ്‌തുക്കളിൽ മാത്രമല്ല മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിലും ഇന്ത്യ കുതിക്കുകയാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച മെയ്‌ക് ഇൻ ഇന്ത്യ നയത്തിലൂടെ അത്തരത്തിൽ ഉത്തർപ്രദേശിലെ ആദ്യ മെഡിക്കൽ ഡിവൈസ് പാർക്ക് നിർമ്മാണം ആരംഭിക്കുകയാണ്. നോയിഡയിലെ യെഡ (യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്‌ട്രിയൽ ഡെവലപ്മെന്റ് അതോറി‌റ്റി) സി‌റ്റിയിൽ പാർക്ക് ആരംഭിക്കാനാണ് തീരുമാനം.

വിശദമായ പ്രൊജക്‌ട് രേഖ വിശാഖപട്ടണത്തിലെ കലാം ഇൻസ്‌‌റ്റി‌റ്റ‌്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് ടെക്‌നോളജിയിൽ ഡിസംബർ 5നകം സമർപ്പിച്ചിക്കും.

ലോകോത്തര നിലവാരത്തിലുള‌ള മെഡിക്കൽ ഉപകരണ നിർമ്മാണ പാർക്ക് ആരംഭിക്കാനും അങ്ങനെ രാജ്യത്തെ ചികിത്സാ ചിലവ് കുറയ്‌ക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.