തൃശൂര് പണ്ട് പന്തുതട്ടിക്കളിക്കുമ്പോത്തൊട്ട് കൂടെക്കൂടിയ കൂട്ടുകാരനാണ് ജോ.പിന്നെ ഞാൻ എവിടയൊക്കെ പോയിട്ടുണ്ടോ അവിടെയൊക്കെ ജോപോൾ കൂടെയുണ്ടായിരുന്നു. മോഹൻ ബഗാൻ,ജെ.സി.ടി, ഈസ്റ്റ് ബംഗാൾ, എഫ്.സി കൊച്ചിൻ എന്നിങ്ങനെ നാലുക്ളബുകളിൽ ഒന്നിച്ച് കളിച്ചവരാണ് ഞങ്ങൾ. ഒരു ക്ളബിൽ ഒരുമിച്ചു കളിച്ചവരൊക്കെ ഒരുപാടുണ്ട്. എന്നാൽ ഞങ്ങളെപ്പോലെ പരസ്പരം നിഴലായി നീങ്ങിയവർ അധികമുണ്ടാവില്ല.
പന്ത്രണ്ട് കൊല്ലത്തോളം ജോ ഇന്ത്യയുടെ കുപ്പായമണിഞ്ഞു.ആ കാലമത്രയും പൊഫഷണൽ ഫുട്ബാളിലും നിറഞ്ഞുനിന്നു. ഫുട്ബാളിലെ എല്ലാ പൊസിഷനുകളിലും കളിച്ചിട്ടുള്ള കളിക്കാരനായി ഞാൻ നേരിട്ട് കണ്ടിട്ടുള്ളത് ജോപോളിനെ മാത്രമാണ്. 1997ൽ ഞങ്ങൾ എഫ്.സി കൊച്ചിനുവേണ്ടി കളിക്കുന്നു. മത്സരം ബഗാനെതിരെ. കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങളുടെ ഗോളി കാർഡ് കണ്ട് പുറത്ത്. പിന്നെ ഗ്ളൗസുമണിഞ്ഞ് വലകാക്കാൻ ദേ നിക്കണു,നമ്മടെ ചങ്ങാതി. സ്ട്രൈക്കറും ഡിഫൻഡറും മിഡ്ഫീൽഡറും ഗോളിയും കോച്ചും സെലക്ടറും കമന്റേറ്ററും അങ്ങനെ ഫുട്ബാളിലെ എല്ലാവേഷവും എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് ചേരും.
ജോപോൾ കേരള കൗമുദി പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്.ഇൗ ആദരവ് അദ്ദേഹം നൂറുശതമാനം അർഹിക്കുന്നു. ഒാടി മുന്നേറാൻ ഇടം കാലും വലംകാലും ഒന്നിച്ചുനീങ്ങണമെന്നപോലെ എന്റെ ഒാട്ടത്തിന് പിന്തുണതന്ന വലംകാലാണ് ജോ. മൈതാനങ്ങൾക്കകത്തും പുറത്തും എന്റെ ജീവിതം ജോറാക്കിയത് ജോ പോളാണ്. ഇങ്ങനെയൊരു കൂട്ടുകാരനെ എനിക്ക് നൽകിയ ദൈവത്തോട് തീർത്താൽ തീരാത്ത നന്ദി...
കരിയർ ഹൈലൈറ്റ്സ്
1. 1992 മുതൽ 2004വരെ ഇന്ത്യൻ ഫുട്ബാൾ ടീമിലംഗമായിരുന്നു ജോ പോൾ അഞ്ചേരി. എല്ലാ പൊസിഷനുകളിലും രാജ്യത്തിനായി കളിച്ചു. ക്യാപ്ടനുമായിരുന്നു.
2.ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 33 മത്സരങ്ങളിൽ നിന്ന് ഏഴുഗോളുകൾ നേടി.
3.1994ൽ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരം നേടി.
4. 1992 ൽ എസ്.ബി.ടിയിലൂടെ തുടങ്ങിയ പ്രൊഫഷണൽ കരിയർ മോഹൻ ബഗാൻ , ജെ.സി.ടി.,എഫ്.സി കൊച്ചിൻ,ഈസ്റ്റ് ബംഗാൾ തുടങ്ങിയ വമ്പൻ ക്ളബുകളിലൂടെ 2005ൽ മോഹൻ ബഗാനിൽ അവസാനിച്ചു.
5. 2011ൽ ഇന്ത്യൻ അണ്ടർ-15 ടീമിന്റെ പരിശീലകനായി. ഈഗിൾസ് എഫ്.സി,മോഹൻ ബഗാൻ അക്കാഡമി എന്നിവയെയും പരിശീലിപ്പിച്ചു.ഐ.എസ്.എൽ ഫുട്ബാളിന്റെ ടെലിവിഷൻ കമന്റേറ്റർ.