building1
പഞ്ചായത്ത് പൊളിച്ചടുക്കിയ കടമുറി.വൃത്തത്തിൽ കാണുന്നതാണ് അതിരുകല്ല്

പാലോട്: കൊവിഡ് കാരണം ജോലിനഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ സംരക്ഷിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ചെയ്യുന്നതോ നേരെ വിപരീതവും. തലസ്ഥാന ജില്ളയിലെ നന്ദിയോട് പഞ്ചായത്തിൽ നടന്ന സംഭവം തന്നെ ഉദാഹരണം. വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി ജീവിതമാർഗത്തിനായി വീടിനോട് ചേർന്ന് നിർമ്മിച്ച കടമുറി; സ്ഥലം കൈയേറിയെന്ന പേരിൽ പഞ്ചായത്ത് അധികൃതർ പൊളിച്ചുമാറ്റുകയായിരുന്നത്രേ.

നന്ദിയോട് പഞ്ചായത്തിലെ ഇളവട്ടം പോസ്റ്റ് ഓഫീസിനു സമീപത്ത് മേക്കുംകര വീട്ടിൽ ബിജുദാസ് ഒരുലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കടയാണ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചടുക്കിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ജോലിനഷ്ടപ്പെട്ടാണ് ബിജുദാസ് നാട്ടിലെത്തിയത്. ആകെയുളളത് അ‌ഞ്ചുസെന്റ് വസ്തുവും ചെറിയൊരു വീടും. ഇവിടെയാണ് ഏറെ പ്രതീക്ഷയോടെ സ്വർണം പണയംവച്ച് കിട്ടിയ പണമുപയോഗിച്ച് കടമുറി നിർമ്മിച്ചത്.

ഹൃദ്രോഗിയായ പിതാവും മാതാവും ഭാര്യയും മൂന്നരയും രണ്ടും വയസുള്ള കുട്ടികളുമടങ്ങുന്ന കുടുംബം നിലവിൽ വാടക വീട്ടിലാണ് കഴിയുന്നത്. പഴയവീടിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഇതിനോട് ചേർന്നുതന്നെ കടമുറി നിർമ്മിച്ച് ജീവനോപാധി തേടാനുള്ള ശ്രമമാണ് അധികൃതർ തല്ലിക്കെടുത്തിയത്. റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന്റെ അതിര് കല്ലുപോലും പരിശോധിക്കാൻ പ‌ഞ്ചായത്ത് തയ്യാറായില്ലെന്നും ഷീറ്റ് ഒരു മീറ്റർ മുറിച്ചാൽ തീരുന്ന പ്രശ്നത്തിനാണ് കടതന്നെ തകർത്തതെന്നും ബിജുദാസ് പറയുന്നു.

building
പ്രവാസി​ നി​ർമ്മി​ച്ച കടമുറി​ പൊളി​ച്ചുമാറ്റുന്നതി​ന് മുമ്പ്

കൈയേറ്റം ഉണ്ടായെന്ന പരാതിയെ തുടർന്ന് അനധികൃതമായുള്ള നിർമ്മാണം പൊളിച്ചുമാറ്റണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായും ഇത് പാലിക്കാത്തതിനാലാണ് നടപടിയെടുത്തതെന്നുമാണ് പ‌ഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് പറയുന്നത്. എന്നാൽ യാതൊരു വരുമാനവുമില്ലാതെ തകർന്നുവീഴാറായ വീട്ടിൽ എങ്ങനെ കഴിയുമെന്ന ഈ നിർദ്ധനകുടുംബത്തിന്റെ ചോദ്യത്തിന് മാത്രം ആർക്കും മറുപടിയില്ല.