സിനിമാജീവിതത്തിലേക്ക് കടന്നെങ്കിലും അനുമോൾ ഇന്നും തനി നാട്ടിൻപുറത്തുകാരിയാണ്. ആഘോഷങ്ങളുടെ നടുവിൽ മണ്ണിൽ ചവിട്ടിയുള്ള ആ ജീവിതം ആരെയും കൊതിപ്പിക്കും. ഈ ഓണക്കാലത്ത് പാടത്ത് നെല്ല് വിതച്ച് വീണ്ടും മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് താരം. അനുമോൾ സംസാരിക്കുന്നു...
''പാടത്ത് വിത്ത് വിതയ്ക്കുന്ന വീഡിയോ കണ്ടിട്ട് പലരും ചോദിച്ചത് അനു കൃഷി ചെയ്യാൻ തുടങ്ങിയോ എന്നാണ്. ഇതിപ്പോ തുടങ്ങിയതൊന്നും അല്ല. കൃഷി വീട്ടിൽ മുന്നേയുള്ളതാണ്. അനുയാത്ര എന്ന എന്റെ യൂട്യൂബ് ചാനലിൽ ഇട്ടതുകൊണ്ടാണ് ആൾക്കാർ ഇപ്പോൾ ശ്രദ്ധിച്ചത്. ഞങ്ങളുടേത് കർഷക കുടുംബമാണ്. കൃഷി കണ്ടും കേട്ടും അറിഞ്ഞും വളർന്നയാളാണ്. ചെറുപ്പത്തിലൊക്കെ വെക്കേഷനായാൽ ഫുൾടൈം പാടത്താണ്. പണിക്കാർക്ക് ആഹാരം കൊടുക്കുക, അവര് പണിയെടുക്കുന്നുണ്ടോന്ന് നോക്കുക ഇതൊക്കെ നമ്മുടെ ജോലിയാണ്. പക്ഷേ ഞാൻ അവിടെയെത്തിയാൽ ജോലിക്കാരോട് വർത്തമാനം പറഞ്ഞ് പണിയെടുക്കാൻ സമ്മതിക്കില്ല. അന്നും ഇന്നും ചെളിയിൽ കളിക്കാനൊക്കെ വലിയ ഇഷ്ടമാണ്. വീടിന് തൊട്ടടുത്ത് തന്നെയാണ് പാടം. മുമ്പൊക്കെ വർഷത്തിൽ രണ്ടുവട്ടം കൃഷി ചെയ്യുമായിരുന്നു. ഇപ്പോൾ ഒരു പ്രാവശ്യമായി കുറഞ്ഞു. മൂന്ന് ഏക്കർ പാടമാണ്. നല്ല പണിയാണ്. ഒരു മാസം കഴിയുമ്പോൾ ഞാറ് പറിച്ച് നടണം. മൂന്നു മാസം കഴിയുമ്പോഴേക്കും കൊയ്യാറാകും. വീട്ടിൽ അരിയൊന്നും പുറത്ത് നിന്ന് വാങ്ങാറേയില്ല. നെല്ലിന്റെ എല്ലാ പരിപാടികളൊക്കെ നോക്കുന്നത് അമ്മയാണ്. മില്ലിൽ കൊണ്ടു പോണത് ഞാനും.""
വീട്ടിലെ കുട്ടിയാണ്, നാട്ടിലെയും
പാടവും തൊടിയും പറമ്പും കുളവുമൊക്കെയാണ് എന്റെ ഇഷ്ടങ്ങൾ. സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ ക്ലാസ് കഴിഞ്ഞ് വീട്ടിൽ വന്നാൽ തൊടി നനയ്ക്കാൻ എന്നെയാണ് ഏൽപ്പിക്കുക. തെങ്ങും കവുങ്ങും വെറ്റിലയും പച്ചക്കറിയുമൊക്കെ കൃഷിയുണ്ട്. വെള്ളം നനയ്ക്കാൻ പോകുമ്പോൾ ഇവരോടൊക്കെ വർത്തമാനം പറയും. അവർക്കത് മനസിലാകും. സഹജീവി സ്നേഹം മാത്രമല്ല, ഞങ്ങൾക്കിടയിൽ ഒരു എനർജി എക്സ്ചേഞ്ച് നടക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഇവയോടൊക്കെ കുഞ്ഞുന്നാൾ മുതൽ വർത്തമാനം പറഞ്ഞ് കൂട്ടുകാരായി കണ്ടതുകൊണ്ട് ഒന്നിനെയും വെട്ടിമുറിക്കാൻ സമ്മതിക്കില്ല.
ട്ടിലെ കുട്ടി മാത്രമല്ല നാട്ടിലെ കുട്ടി കൂടിയാണ്. കൊച്ചിയിൽ എത്തിയാലും ഓടി നാട്ടിൽ വരും. ഹോം സിക്ക്നെസ് കൂടിയ ആളാണ്. എന്റെ മുറിയും എന്റെ പറമ്പും ഒക്കെയാണ് ഇവിടേക്ക് പിന്നെയും പിന്നെയും വലിച്ചിടുന്നത്. നാടിനോട് ഇപ്പോഴും വലിയ പ്രേമമാണ്. ഇവിടെയാർക്കും ഞാനൊരു സിനിമാതാരമല്ല. വീട്ടിലുള്ളപ്പോഴെല്ലാം രാവിലെ നടക്കാൻ പോകും. എല്ലാ വീട്ടിലും ഹാജർ വെച്ചിട്ടാണ് പോകുന്നത്. വീടുകളിൽ രാവിലത്തെ ആഹാരം ഉണ്ടാക്കുന്ന സമയമല്ലേ. ഇടവഴിയിലൂടെ നടന്നു പോകുമ്പോൾ തന്നെ അവയുടെ മണം വന്ന് മൂക്കിൽ തൊടും. അവിടെ നിന്ന് ഉറച്ച് വിളിച്ച് ചോദിക്കും ചേച്ചിയേ ചട്ണിയാണോ ഇന്നെന്ന്. എന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ അവര് വീട്ടിലേക്ക് വിളിക്കും. പിന്നെ അവിടെ കയറിയിരുന്ന് കഴിക്കും. ഇതൊക്കെയാണ് എന്റെ രീതികൾ.
വായനയും പാചകവും
ലോക്ക്ഡൗണിലെ ആദ്യത്തെ കുറച്ച് ദിവസങ്ങൾ അറുബോറായിരുന്നു. കുറേ പുസ്തകങ്ങൾ വായിച്ചു. വീട്ടിലും പറമ്പത്തുമൊക്കെയിരുന്നായിരുന്നു വായന.പിന്നെ എല്ലാവരെയും പോലെ കുറച്ച് പാചകപരീക്ഷണങ്ങൾ നടത്തി. സംഗതി ക്ലിക്കായെങ്കിലും വേണ്ടെന്ന് വച്ചു. നല്ല അദ്ധ്വാനവും ക്ഷമയും വേണം. പിന്നെ ഇതൊക്കെ കഴിഞ്ഞ് വണ്ണവും കൂടാൻ തുടങ്ങിയതോടെ ആ മോഹം ഉപേക്ഷിച്ചു. യുട്യൂബിലായിരുന്നു കൂടുതൽ പേരും ആ സമയം ചെലവഴിച്ചത്. പക്ഷേ എന്റെ ചാനലിൽ കഴിഞ്ഞ അഞ്ചുമാസത്തിന് ശേഷമാണ് കൃഷിയിറക്കിയ വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ പരിപാടി ഹെർബൽ സോപ്പും ഹെർബൽ ഷാംപൂവും ഉണ്ടാക്കലാണ്. അനിയത്തിക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ അയച്ചു കൊടുത്തു. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്
തൊടിയിലെ പൂക്കാലം
സിനിമയിൽ വന്നപ്പോഴും ഓണക്കാലത്ത് നാട്ടിൽ തന്നെ നിൽക്കാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ആഘോഷിച്ചിട്ടില്ല. പ്രളയം വന്ന് മലയാളികൾ മൊത്തം തകർന്ന ഒരവസ്ഥയായിരുന്നല്ലോ. അതുപോലെ രണ്ട് വർഷവും ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മരിച്ച് ആഘോഷങ്ങളൊക്കെ മാറ്റി വയ്ക്കേണ്ടി വന്നു. ഇത്തവണ എന്തായാലും ആഘോഷിക്കുന്നുണ്ട്. ഞാനും അമ്മയും മാത്രമേ വീട്ടിലുണ്ടാകൂ. അനിയത്തി ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. അവൾക്ക് വരാൻ പറ്റില്ല. രണ്ടാൾക്കും ഇഷ്ടമുള്ള കറികൾ വയ്ക്കുക, പൂക്കളമിടുക ഇതൊക്കെ തന്നെയാണ് ആഘോഷം. എനിക്ക് കാളനും അവിയലും അമ്മയക്ക് ഓലനും, ഇതാണ് പ്രിയം. പിന്നെ സാമ്പാർ, പരിപ്പ്, പപ്പടം, പായസം കൂടി അധികം ഉണ്ടാക്കും. പുളിയിഞ്ചിയും അച്ചാറും വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. പൂവ് തേടി വേറെയെങ്ങും പോകേണ്ട. അതൊക്കെ വീട്ടിൽ തന്നെയുണ്ട്. തൊടിയിലും പറമ്പിലുമായി ഒരുവിധപ്പെട്ട എല്ലാ നാടൻപൂക്കളുമുണ്ട്. അത്തം മുതലേ വീട്ടിൽ ഞാൻ പൂക്കളം ഇടുന്നുണ്ട്. നാടൻ പൂക്കളൊക്കെ എല്ലാടത്തും മാഞ്ഞുപോയെങ്കിലും ഇവിടെയെല്ലാം സജീവമാണ്.
പൂവിളി. പൂവിളി പൊന്നോണമായി
കളർഫുൾ ഓണമായിരുന്നു കുട്ടിക്കാലത്ത്. പഴയ ഓർമകളൊക്കെ പങ്കുവയ്ക്കുമ്പോൾ കൊച്ചിയിലുള്ളവർക്കൊക്കെ വിശ്വസിക്കാൻ പാടാണ്. ഞങ്ങളുടേത് തനി നാട്ടിൻപുറമാണ്. ഓണം തുടങ്ങിയാൽ അമ്മുമ്മമാരൊക്കെ കുട്ടികൾക്ക് ഓണപ്പൂക്കൊട്ട ഉണ്ടാക്കി തരും. അതുംകൊണ്ട് പാടത്ത് പോയി തുമ്പപ്പൂവും ചാമപ്പുല്ലുമൊക്കെ പറിക്കും. പാടത്തിന്റെ നടുക്കാണ് ചാമപ്പുല്ല് നിൽക്കുക. ഓണക്കാലത്ത് പാടത്ത് കൃഷി ചെയ്യുന്ന സമയമല്ലേ. ചെറിയ കുട്ടികളാകുമ്പോൾ നമ്മൾ ഇതൊന്നും ശ്രദ്ധിക്കില്ലല്ലോ. നെല്ലെല്ലാം ചവിട്ടി മെതിക്കും. പാടത്തും തോട്ടിലും വീണ് ദേഹം മുഴുവൻ ചെളിയാകും. അപ്പോഴേക്കും കൃഷിയിറക്കിയവർ വടിയുമായി വരും. പിന്നെ കിട്ടിയ പൂക്കളും കൊണ്ട് വീട്ടിലേക്ക് ഒരോട്ടമാണ്. ഒരു സെറ്റ് പിള്ളേരുണ്ടാകും. അന്നൊക്കെ ആർക്കാണ് പൂവ് കൂടുതൽ കിട്ടുക എന്നതാണ് മത്സരം. പിറ്റേദിവസം രാവിലെ തന്നെ വലിയ പൂക്കളമിടും. പൂക്കളമിട്ട് കഴിഞ്ഞാലും സദ്യ കഴിഞ്ഞാലും പൂവിളിയുണ്ടാകും. പൂവേ പൊലി എന്ന് ഉച്ചത്തിൽ പാടി പരസ്പരം സന്തോഷം പങ്കുവയ്ക്കും. അതൊക്കെ ഇപ്പോൾ കുറഞ്ഞു. ഓരോ ഓണക്കാലത്തും മിസ് ചെയ്യുന്നതും ഇതൊക്കെയാണ്.