chathunni

ടി.കെ ചാത്തുണ്ണി എന്ന പേരുകേൾക്കുമ്പോൾതന്നെ എനിക്ക് അഭിമാനവും സന്തോഷവും പ്രചോദനവും തോന്നാറുണ്ട്. കളിക്കാരനാകാൻ കൊതിച്ചുനടന്ന ചെറുപ്പകാലത്ത് ഏറെ ആവേശം കൊള്ളിച്ചിരുന്നു ആ പേര്. കൊൽക്കത്തയിലെയും ഗോവയിലെയും എണ്ണം പറഞ്ഞ ക്ളബുകളിൽ കോച്ചായി നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ തലപ്പൊക്കമാകണം ഒരു പരിശീലകനാവണം എന്ന ആഗഹത്തിന്റെ നാമ്പുകൾ എന്റെയുള്ളിലും അന്നേ പടർത്തിവിട്ടത്.

ഇപ്പോൾ ഞാനുമൊരു പരിശീലകനാണ്. ആ സ്ഥാനത്തു നിൽക്കുമ്പോഴുള്ള വെല്ലുവിളികൾ നേരിടാൻ എന്നെ പ്രാപ്തനാക്കുന്നത് ചാത്തുണ്ണി സാറിനെപ്പോലുള്ള മുൻഗാമികളുടെ പിന്തുണയാണ്. ഈ പ്രായത്തിലും ഫുട്ബാളിനോട് അദ്ദേഹം കാട്ടുന്ന ആവേശമാണ് എന്നെയും പ്രചോദിപ്പിക്കുന്നത്. കോവളം എഫ്.സിയെക്കുറിച്ച് എന്നോട് ഇങ്ങോട്ട് ഫോൺ ചെയ്ത് ചോദിച്ചറിയാൻ അദ്ദേഹം കാട്ടിയ ഉത്സാഹം ഗെയിമിനോടും അതിലെ പുതുനാമ്പുകളോടും ഒരു പരിശീലകന്റെ രക്തത്തിലലിഞ്ഞ ആവേശമാണ്. ഞങ്ങളുടെ അക്കാഡമി വന്നുകാണാൻ താത്പര്യം പ്രകടിപ്പിച്ച അദ്ദേഹത്തെ വരവേൽക്കാൻ കൊവിഡ് കഴിഞ്ഞാൽ ആദ്യം തയ്യാറാകും.

കോച്ചെന്ന നിലയിൽ കളിക്കളത്തിലെ ഒാരോ പുൽക്കൊടിയനക്കങ്ങളിലും അദ്ദേഹം ജാഗരൂകനായിരുന്നു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം കാട്ടിയ സന്മനസും ധൈര്യവും ഭാവിപരിശീലകർക്കുള്ള മാർഗദർശിത്വമാണ്. തന്റെ ശിഷ്യർക്ക് എല്ലാകാലവും പിന്തുണയുമായി അദ്ദേഹം എത്തിയിട്ടുണ്ട്. അദ്ദേഹത്തെ കേരളകൗമുദി ആദരിക്കുന്നതിലൂടെ ഫുട്ബാളാണ് ആദരിക്കപ്പെടുന്നത്. 74-ാം വയസിലും ചെറുപ്പക്കാരനായ ഒരു ഫുട്ബാൾ കളിക്കാരന്റെ ആവേശത്തോടെ നിൽക്കുന്ന ചാത്തുണ്ണി സാറ് നമ്മുടെ ചങ്കാണ്.

ടി.കെ ചാത്തുണ്ണി കരിയർ ഗ്രാഫ്

1.1963ൽ ഇ.എം.ഇ സെന്ററി​ന്റെ ​ കളി​ക്കാരനായാണ് കരി​യർ തുടങ്ങുന്നത്. സവീസസ്, ഗോവ സംസ്ഥാന ടീം, വാസ്കോ ഗോവ, ഒാർക്കേയ് മി​ൽ ബോംബെ,മഹാരാഷ്ട്ര സംസ്ഥാന ടീം എന്നി​വി​ടങ്ങളി​ൽ സന്തോഷ് ട്രോഫി​ ഉൾപ്പടെയുള്ള ടൂർണമെന്റുകളി​ൽ ബൂട്ടണി​ഞ്ഞു.

2. 1969ൽ റഷ്യയ്ക്കെതിരായ ഇന്ത്യൻ ഇലവനിലും 1973ൽ മലേഷ്യയിൽ നടന്ന മെർദേക്ക കപ്പിനുള്ള ഇന്ത്യൻ ടീമിലും അംഗമായിരുന്നു.

3.1979ലാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ചാകുന്നത്. ആ വർഷം സന്തോഷ്ട്രോഫിയിൽ കേരളത്തിന്റെ കോച്ചായി.

4. 1990ൽ കേരള പൊലീസിനെ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കിയ കോച്ച്. പൊലീസിനൊപ്പം ആൾ ഇന്ത്യ പൊലീസ് ചാമ്പ്യൻഷിപ്പ്, ഡി.സി.എം ട്രോഫി തുടങ്ങിയ കിരീ‌ടങ്ങളും.

5. മോഹൻ ബഗാൻ,ഈസ്റ്റ് ബംഗാൾ,സാൽഗോക്കർ ,ചർച്ചിൽ ബ്രദേഴ്സ്,ഫ്രാൻസ ഗോവ,ഗോവൻ സ്റ്റേറ്റ് ടീം,,വിവ കേരള,ജോസ്കോ എഫ്.സി, ഗോൾഡൻ ത്രെഡ്സ് തുടങ്ങിയ ക്ളബുകളുടെ പരിശീലകനായി.