കേരളീയ നവോത്ഥാന ചരിത്രത്തിലെ സവിശേഷ വ്യക്തിത്വവും കീഴാള വിമോചന പോരാട്ടങ്ങൾക്ക് മാർഗ ദർശിയുമായ മഹാത്മാ അയ്യങ്കാളിയുടെ 157-ാം ജന്മദിനം
ജാതി വഴക്കങ്ങളുടെ നിഷേധത്തിനും സാമൂഹിക ഉച്ചനീചത്വങ്ങൾക്കുമെതിരെ ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും തങ്ങൾക്ക് സ്വായത്തമാക്കാൻ കഴിഞ്ഞ വിദ്യയെന്ന ആയുധംകൊണ്ട് പ്രതിരോധങ്ങൾ തീർത്തപ്പോൾ പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരുടെ ഇടയിൽ നിന്നും ഉയർന്നുവന്ന അയ്യങ്കാളി തന്റെ നേരിട്ടുള്ള ഇടപെടലുകൾ കൊണ്ടാണ് നവോത്ഥാന ചരിത്രത്തിൽ വ്യത്യസ്തനായത്.
രാജഭരണ കാലത്താണ് അയ്യങ്കാളി തന്റെ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ദളിതർക്കെതിരെ ഇന്നും അരങ്ങേറുന്ന ജാതിവേട്ടയുടെയും ക്രൂരപീഡനങ്ങളുടെയും പശ്ചാത്തലത്തിൽവേണം അയ്യൻകാളിയുടെ നവോത്ഥാന പോരാട്ടങ്ങളുടെ മൂല്യം അളക്കേണ്ടത്.
പൊതുവഴികളിലൂടെ സഞ്ചരിക്കുകയെന്ന പ്രാഥമികവും മൗലികവുമായ അവകാശം സ്ഥാപിച്ചു കിട്ടുവാൻ വിലക്ക് ലംഘിച്ച് നടത്തിയ വില്ലുവണ്ടി യാത്ര സാമൂഹിക മാറ്റത്തിന് വേണ്ടി നടന്ന പ്രതിരോധ ചരിത്രത്തിലെ അപൂർവമായൊരു അടയാളപ്പെടുത്തലായിരുന്നു. ഒരുപക്ഷെ ചരിത്രത്തിലെ ആദ്യത്തെ സമരവാഹനം അയ്യങ്കാളിയുടെ വില്ലുവണ്ടി ആയിരിക്കാം. അധികാരത്തിന്റെയും സാമൂഹികാന്തസിന്റെയും ജാതി മേൽക്കോയ്മയുടെയും പ്രതീകമായി അന്നുവരെ സമൂഹം കരുതിയിരുന്ന വില്ലുവണ്ടി തന്നെ തന്റെ സമരായുധമായി തെരഞ്ഞെടുക്കാൻ പ്രകടിപ്പിച്ച ധൈഷണിക ഔന്നത്യം ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഒരാളുടേതായിരുന്നെന്ന് ഓർക്കണം.
അയ്യങ്കാളി ആവിഷ്കരിച്ച സമരരൂപങ്ങളൊന്നും അക്കാലത്ത് പരിചിതമായവ ആയിരുന്നില്ല. രാജവീഥിയിലൂടെ ഒരു യാത്ര അയിത്ത ജാതിക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആകാശ കുസുമം തന്നെ ആയിരുന്നു. വെങ്ങാനൂരിൽ നിന്ന് മണക്കാട്ടേക്ക് നടത്തിയ പദയാത്രയും ആവിഷ്കാരം കൊണ്ട് ശ്രദ്ധനേടിയിട്ടുള്ളതാണ്.
മഹാരാജാവിന്റെ ഛായാചിത്രം തലയിൽ വച്ചുകൊണ്ട് നടത്തിയ ആ യാത്രയെ രാജനിന്ദയും രാജകോപവും ഭയന്ന് സവർണ മാടമ്പിമാർക്ക് തടയാൻ കഴിഞ്ഞില്ല. പൊതു ഇടങ്ങളിൽ ജനാധിപത്യ അവകാശം സ്ഥാപിക്കുന്നതിനായി, ചന്തകളിൽ പ്രവേശിക്കാൻ അയിത്തജാതിക്കാർക്കുള്ള വിലക്ക് ലംഘിക്കാൻ അയ്യങ്കാളി തയ്യാറായി വർഷങ്ങൾ പിന്നിട്ടശേഷമാണ് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിയമലംഘന പ്രസ്ഥാനം രൂപംകൊണ്ടത് തന്നെ. വിദ്യ അഭ്യസിക്കാനുള്ള അവകാശം അയിത്തജാതിക്കാരുടെ
മൗലികാവകാശമാണെന്ന പ്രഖ്യാപനമായിരുന്നു വെങ്ങാനൂരിൽ കുടിപ്പള്ളിക്കുടം സ്ഥാപിച്ചതിലൂടെ നടത്തിയത്. ഇന്ന് നാം പിൻതുടരുന്ന സാർവത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസത്തിന്റെ നാൾവഴി ആരംഭിക്കുന്നത് വിദ്യാഭ്യാസ അവകാശം സ്ഥാപിച്ച് കിട്ടുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ കാർഷിക പണിമുടക്കിൽ നിന്നാണ്. അവർണരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഫലമായി തിരുവിതാംകൂർ ഭരണകൂടം അയിത്തജാതി കുട്ടികൾക്കായി സ്കൂളുകൾ തുടങ്ങാൻ അനുവാദം നൽകിയിരുന്നു. എന്നാൽ എല്ലാവിഭാഗം കുട്ടികളും പഠിക്കുന്ന സ്കൂളുകളിൽ തന്നെ അയിത്തജാതി കുട്ടികളെയും പ്രവേശിപ്പിക്കണമെന്നാണ് അയ്യങ്കാളി ആവശ്യപ്പെട്ടത്. അയ്യങ്കാളി നേതൃത്വം കൊടുത്ത സമരങ്ങളെല്ലാം പൗരാവകാശ പോരാട്ട ചരിത്രത്തിലെയും മനുഷ്യാവകാശ പ്രവർത്തനങ്ങളിലെയും നാഴിക കല്ലുകളാണ്.
പൊതുവായതെന്തും പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പൊതുജനങ്ങളെന്ന പരികല്പനയിൽ അയിത്തജാതിക്കാരനും ഉൾപ്പെടുമെന്നുമുള്ള യാഥാർത്ഥ്യം അക്കാലത്തെ ഭരണകൂടത്തെ ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. നവോത്ഥാന പ്രവർത്തനമെന്നത് അയിത്തജാതിക്കാരുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കിയുള്ള പരിഷ്കരണ പ്രവർത്തനമാണെന്ന പരിമിതപ്പെടുത്തലുകളെ അയ്യങ്കാളിയുടെ ചരിത്രപരമായ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നുണ്ട്. സവർണ-അവർണ ഭേദമില്ലാതെ തന്നെ എല്ലാ ജാതി മത വിഭാഗങ്ങളും നവോത്ഥാന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളായി മാറി എന്നതാണ് ചരിത്രം.
ജനിച്ചുവളർന്ന ജാതിയുടെ അതിരുകൾക്കുള്ളിൽ എരിഞ്ഞു തീരേണ്ടതല്ല ഓരോ മനുഷ്യന്റെയും പ്രത്യേകിച്ചും അയിത്ത ജാതിക്കാരന്റെ ജീവിതം എന്ന വിശാല കാഴ്ചപ്പാടാണ് അയ്യങ്കാളി മുന്നോട്ട് വച്ചത്. അതിന്റെ പ്രത്യക്ഷ ഉദഹാരണമാണ് അദ്ദേഹം സ്ഥാപിച്ച സാധുജനപരിപാലന സംഘമെന്ന സംഘടനയും സാധുജനപരിപാലിനിയെന്ന മാസികയും.
( ലേഖകന്റെ ഫോൺ : 9447142134)