കാമുകിയായി വന്ന റിയയ്ക്ക് സുശാന്തിന്റെ മരണത്തിനു പിന്നിൽ പങ്കുണ്ടോ? അതോ സുശാന്തിനെതിരെ
കരുക്കൾ നീക്കിയവരുടെ കൈയിലെ ചരടായി റിയ മാറിയോ? ബോളിവുഡിൽ സിനിമയെ വെല്ലുന്ന കഥകളിൽ പ്രതിനായികയായിരിക്കുകയാണ് റിയ ഇപ്പോൾ......
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം സജീവമായി ഉയർന്ന് കേട്ടപേരാണ് റിയ ചക്രവർത്തിയുടേത്. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് സുശാന്തിന്റെ മരണത്തിൽ ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാമുകിയുടെവേഷത്തിൽ വന്ന റിയ ഇപ്പോൾ പ്രതി നായികവേഷത്തിലായി.സുശാന്തിന്റെ മരണത്തിനു പിന്നിൽ റിയയുടെ കരങ്ങളുണ്ടോ? അതോ സുശാന്തിനെതിരെ കരുക്കൾ നീക്കിയവരുടെ കൈയ്യിലെ ചരടായി റിയ മാറിയോ? സിനിമയെ വെല്ലുന്ന കഥകളിൽ പ്രതിനായികയായിരിക്കുകയാണ് റിയ ഇപ്പോൾ.
സുശാന്തിനും റിയയ്ക്കും മാത്രം അറിയാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുൻപ് റിയ സുശാന്തിന്റെ വീട്ടിൽ നിന്ന് എന്തിന് മാറി ? റിയയ്ക്ക്നേരെ ഉയരുന്നചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ മതിയാവു. സി.ബി.ഐ അന്വേഷണംവേണമെന്ന് ആഭ്യന്തര മന്ത്രിയോട് ആദ്യം ആവശ്യപ്പെട്ടത് റിയയായിരുന്നു. പിന്നെ എന്തിനെയാണ് റിയ ഇപ്പോൾ ഭയക്കുന്നത്? സുശാന്തിന്റെ കുടുംബം,സുശാന്തിന്റെ മുൻ കാമുകി,സുശാന്തിന്റെ സുഹൃത്തുക്കൾ ഇവരെല്ലാം എന്തുകൊണ്ട് റിയയ്ക്ക്നേരെ കൈചൂണ്ടുന്നു ? വരും ദിവസങ്ങളിൽ ഈചോദ്യങ്ങളുടെ ഉത്തരം സി.ബി.ഐ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് സുശാന്തിനെ സ്നേഹിക്കുന്നവർ.
ആരാണ് റിയ ചക്രവർത്തി ?
ബംഗളൂരുവിലെ ബംഗാളി കുടുംബത്തിൽ 1992ൽ റിയ ജനിച്ചു. പിതാവ് ഇന്ദ്രജിത് ചക്രവർത്തി ഇന്ത്യൻ ആർമി ഓഫീസറായതിനാൽ റിയ പഠിച്ചതെല്ലാം ആർമി പബ്ലിക് സ്കൂളുകളിൽ. മാതാവ് സന്ധ്യ ചക്രവർത്തി.അവർ ജനിച്ചത് കൊങ്കിണി കുടുംബത്തിലായിരുന്നു.വീട്ടമ്മയായിരുന്നു അവർ.ഷോവിക് ചക്രവർത്തിയാണ് റിയയുടെ സഹോദരൻ. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊന്നും അനുഭവിക്കാത്ത സുന്ദരമായൊരു ബാല്യമായിരുന്നു റിയയുടേത്.റിയയുടെ ഇഷ്ടങ്ങളെ കൂടുതൽ പരിഗണിക്കുന്നവരാണ് മാതാപിതാക്കൾ.
എൻജിനിയറിംഗ് പഠനത്തിനിടയിലാണ് സിനിമമോഹം ഉണ്ടാവുന്നത്. അങ്ങനെയാണ് 'എം.ടി.വി. ടാലന്റ് ഹണ്ട് " റിയാലിറ്റിഷോയിൽ റിയ പങ്കെടുക്കുന്നത്. ആ പരിപാടിയിൽ ആദ്യ റണ്ണർ അപ്പായി റിയയെ തിരഞ്ഞെടുത്തപ്പോഴേക്കും നിരവധി അവതാരക അവസരങ്ങൾ താരത്തെ തേടിവന്നു.പിന്നിട് എൻജിനിയറിംഗ് റിയ പൂർത്തിയാക്കിയില്ല.എം .ടി .വി യിൽ വീഡിയോ അവതാരകയായി റിയ ഡൽഹിയിൽ ജോയിൻ ചെയ്തു.എം .ടി.വി വാസ്സപ്പ് ,കോളേജ് ബീറ്റ് തുടങ്ങിയ പരിപാടികളിലൂടെബോളിവുഡിൽ അറിയപ്പെടുന്ന അവതാരകയായി റിയ മാറി.
റിയയുടെ സിനിമ ജീവിതം തുടങ്ങുന്നത് 2010 ലാണ്.എന്നാൽ ആദ്യ സിനിമയിൽ നായികവേഷം അവസാന നിമിഷം തട്ടി മാറുകയായിരുന്നു. എന്നാൽ തന്റെ കരിയർ സിനിമ എന്ന് ഉറപ്പിച്ച് റിയ അവസരങ്ങൾ തേടിക്കൊണ്ടിരുന്നു.2012 ൽ തെലുങ്ക് ചിത്രമായ 'തൂനിഗ തൂനിഗ" യിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് താരം എത്തി. 2013ൽ ബോളിവുഡ് ചിത്രമായ 'മേരേ ഡാഡ് കീ മാരുതി" എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമയിലേക്കും റിയ അരങ്ങേറ്റം കുറിച്ചു. പിന്നിട് സൊനാലി കേബിൾ ,ജലേബി എന്നീ ചിത്രങ്ങളിൽ റിയ അഭിനയിച്ചു. യാഷ്രാജ് ഫിലിംസിന്റെ ബാങ്ക്ചോർ ,ഹാഫ് ഗേൾഫ്രണ്ട് എന്നീ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്.
2019 ഏപ്രിലിൽ റിയയും സുശാന്തും ഫിലിം ഫ്രറ്റേണിറ്റി നടത്തിയ ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലായത്.ബോളിവുഡിൽ റിയയ്ക്ക് സുശാന്തിന്റെ കാമുകിയെന്ന ഐഡന്റിറ്റിയായിരുന്നു കൂടുതൽ അവസരം ലഭിക്കാൻ കാരണമായത്. 2019ൽ റിയയും സുശാന്തും ഒരുമിച്ചു നടത്തിയ ലഡാക്ക് യാത്രയിലൂടെയാണ് ഇവരുടെ ബന്ധം ബോളിവുഡിൽ കൂടുതൽ പരസ്യമായത്.2019 ഡിസംബറിലാണ് റിയ സുശാന്തിന്റെ ബാന്ദ്രയിലെ വീട്ടിലേക്ക് താമസം മാറ്റിയത്.
റിയ ഹാൻഡ് ഡ്രൈവ് നശിപ്പിച്ചതെന്തിന് ?
സുശാന്തിന്റെ സുഹൃത്തും, അവസാനകാലം സുശാന്തിന്റെ കൂടെ ഉണ്ടായിരുന്ന സിദ്ധാർഥ് പിത്താനിയാണ് റിയ സുശാന്തിന്റെ വസതിയിലെ എട്ടു ഹാൻഡ് ഡ്രൈവുകൾ നശിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചത്. ജൂൺ 14 നായിരുന്നു സുശാന്ത് മരിക്കുന്നത്. ജൂൺ എട്ടിനായിരുന്നു റിയ സുശാന്തിന്റെ വസതിയിലെ ഹാൻഡ് ഡ്രൈവുകൾ നശിപ്പിക്കുന്നത്. അതിനുശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടായി റിയ സുശാന്തിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറുകയായിരുന്നുന്നെന്ന് സുഹൃത്ത് സി ബി ഐയോട് പറഞ്ഞിരുന്നു.
കൂടാതെ റിയയ്ക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്തിരുന്നു. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ (എൻഡിപിഎസ്) വകുപ്പുകൾ പ്രകാരമാണ് എൻ.സി.ബി റിയക്കെതിരെകേസെടുത്തത്. എൻ.ഡി.പി.എസിലെ 28 (കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ), 29 (കുറ്റകൃത്യത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമുള്ള ശിക്ഷ), 20 ബി (കഞ്ചാവ് ഉപയോഗിക്കുന്നതോ കൈവശം വയ്ക്കുന്നതോ വിൽപന നടത്തുന്നതോ ചെയ്യുന്നത്) വകുപ്പുകൾ പ്രകാരമാണ് എൻ.സി.ബി എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തത്.സുശാന്ത് ലഹരി മരുന്നുകൾ ഉപയോഗിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിന്റെ മുൻ കാമുകിയും പറഞ്ഞിരുന്നു. എന്നാൽ റിയയുടെ പിതാവ് നൽകിയിരുന്ന മരുന്നുകളായിരുന്നു വിഷാദരോഗത്തിന് സുശാന്തിന് നൽകിയിരുന്നെന്ന് ചില സുഹൃത്തുക്കൾ പറയുന്നു.സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ശക്തമാക്കിയിരിക്കെ റിയയ്ക്കെതിരായ കുരുക്കുകൾ മുറുകുകയാണ്.
മോർച്ചറിക്കു മുന്നിൽ റിയയുടെ നാടകം
സുശാന്തിന്റെ മൃതദേഹം എത്തിച്ച മുംബയിലെ കൂപ്പർ ആശുപത്രിയിൽ റിയ എത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മൃതദേഹത്തിൽ തൊട്ട് 'ക്ഷമിക്കണം ബാബൂവെന്ന് " റിയ പറഞ്ഞുവെന്ന് മോർച്ചറിയിലേക്ക് കൊണ്ടുപോയ സുർജിത് സിംഗ് പറഞ്ഞിരുന്നു. നാൽപ്പത്തിയഞ്ച് മിനിറ്റ് മോർച്ചറിയിൽ റിയയ്ക്ക് അനുവദിച്ചെന്നും ആരോപണമുണ്ട്. ഇത് അന്വേഷണ സംഘം പരിശോധിക്കും. റിയയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് സി.ബി.ഐ.