jayasankar

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ 1962ന് ശേഷമുള്ള ഏറ്റവും ഗുരുതര അവസ്ഥയാണെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ. 45 വർഷത്തിനുശേഷം ഇന്ത്യയ്‌ക്ക് ലഡാക്കിൽ വലിയ തോതിലുള്ള നാശന‌ഷ്‌ടം സംഭവിച്ചിട്ടുണ്ട്. നിലവിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം ഇരുവിഭാഗവും വിന്യസിച്ചിരിക്കുന്ന സേനയുടെ എണ്ണവും അഭൂതപൂർവമാണെന്ന് ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യയും ചൈനയും തമ്മിൽ നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇത്രയേറെ ചർച്ചകൾ നടന്നിട്ടും മേയ് മുതൽ ഇന്ത്യൻ, ചൈനീസ് സേനകൾ പിരിമുറുക്കത്തിലാണ്. ജൂൺ 15ന് ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഇതേതുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ തമ്മിൽ ആഴ്ചകളോളം ചർച്ചകൾ നടന്നു. അതിർത്തി പ്രദേശങ്ങളിലെ സമാധാനമാണ് രണ്ട് അയൽവാസികളും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമെന്ന് ഇന്ത്യ ചൈനയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

മുൻകാല അതിർത്തി പ്രശ്‌നങ്ങളെല്ലാം നയതന്ത്ര ബദ്ധത്തിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തിലേയ്‌ക്ക് തിരിഞ്ഞുനോക്കുമ്പോൾ, നിരവധി അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഓരോ അതിർത്തി പ്രശ്‌നങ്ങളും വ്യത്യ‌സ്‌തമായിരുന്നു. ഏകപക്ഷീയമായി ഒന്നും അടിച്ചേൽപ്പിക്കാതെ എല്ലാ കരാറുകളെയും ധാരണകളെയും ബഹുമാനിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും എസ്.ജയശങ്കർ പറഞ്ഞു.