പൊക്കമുള്ള ഏത് പയ്യനെകണ്ടാലും ജോസഫ് സാർ ഒന്നു നോക്കും. അവനെ വോളിബാളിലൂടെ ഉയരത്തിലേക്ക് കയറ്റിവിടാൻ കഴിയുമോ എന്ന് ആ നോട്ടത്തിലൂടെ അദ്ദേഹം മനസലാക്കിയിരിക്കും. സാറിന്റെ ആ നോട്ടം നേടിത്തന്നതാണെന്റെ നേട്ടങ്ങളൊക്കെ എന്ന് പറയുന്നതിൽ അഭിമാനമേയുള്ളൂ.
കുട്ടികളില്ലാതെ അടച്ചുപൂട്ടാൻ പോയിടത്തുനിന്നാണ് ജോസഫ് സാർ കോഴിക്കോട് സായ്‌യെ ഇന്ത്യൻ വോളിബാളിന്റെ ഈറ്റില്ലമാക്കിയത്. കൗമാരപ്രായത്തിൽ ജോസഫ് സാർ കൈ പിടിച്ചുകൊണ്ടുവന്ന് ഇന്ത്യൻ ടീമിലേക്ക് കയറിപ്പോകാൻ പ്രാപ്തരാക്കിയവരുടെ എണ്ണം ഡസൻ കവിയും. ഉയരക്കാരായ പയ്യന്മാരെ തേടിനടക്കുമായിരുന്നു അദ്ദേഹം.സർക്കാർ ഹൈറ്റ് ഹണ്ടൊക്കെ തുടങ്ങുംമുമ്പേ പേരെടുത്ത ഒരു ഹണ്ടറായിരുന്നു . പക്ഷേ പൊക്കമുള്ളതുകൊണ്ടുമാത്രം സാർ ആരെയും പരിശീലിപ്പിക്കുമായിരുന്നില്ല. ഭാവിയിലേക്ക് പ്രയോജനപ്പെടും എന്ന് മാറ്റുരച്ച് നോക്കി മനസിലാക്കിയാലേ കൂടെ നിറുത്തുമായിരുന്നുള്ളൂ.
സ്വന്തം മക്കളെപ്പോലെയാണ് സാർ ശിഷ്യരെ നോക്കിയിരുന്നതെന്ന് പറയുന്നത് ഭംഗിവാക്കല്ല.കർക്കശക്കാരനായ പിതാവിന്റെ ബാഹ്യസ്വരൂപം കാട്ടുമ്പോഴും ഉള്ളിന്റെയുള്ളിലെ വാത്സല്യനിധി ഞങ്ങളറിയാതെ ഞങ്ങൾക്ക് വേണ്ടതെല്ലാം നൽകിയിരുന്നു. വഴിതെറ്റിപ്പോകാതിരിക്കാനായി അച്ചടക്കത്തിന്റെ ലക്ഷമണ രേഖ വരച്ചിട്ടിരുന്നു. ഞങ്ങളറിയാതെതന്നെ ഞങ്ങളിലേക്ക് അദ്ദേഹം പകർന്നുതന്ന നല്ല ശീലങ്ങൾ കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും ഏറെ ഉപകരിച്ചിട്ടുണ്ട്. നല്ല ഗുരുക്കന്മാരെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്ന് പറയാറുണ്ട്. അങ്ങനയെങ്കിൽ ഞാൻ ഭാഗ്യം ചെയ്തവനാണ്.
കളിക്കളത്തിൽ ഞാൻ കാഴ്ചവച്ച മികച്ച പ്രകടനങ്ങളൊക്കെ എന്റെ എല്ലാഗുരുക്കന്മാർക്കുമുള്ള ദക്ഷിണയാണ്. എങ്കിലും ജോസഫ് സാറിനെ കേരള കൗമുദി കായിക പുരസ്കാരത്തിനായി തിരഞ്ഞെടുത്ത സമിയിൽ ഉൾപ്പെടാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷവും അഭിമാനവുമാണ്. എനിക്ക് അദ്ദേഹത്തിന് ഇത്തരത്തിലൊരു ഗുരുദക്ഷിണ നൽകാൻ അവസരമൊരുക്കിയ കേരള കൗമുദിക്ക് കലവറയില്ലാത്ത നന്ദി.
കരിയർ ഹൈലൈറ്റ്സ്
1. 1985ൽ കോയമ്പത്തൂരിലെ മാരുതി കോളേജ് സ്പോർട്സ് സ്കൂളിലൂടെയാണ് കോച്ചിംഗ് കരിയറിന് തുടക്കം.
2.1987ൽ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിൽ കോച്ചായി. തിരുവനന്തപുരം ജി.വി രാജയിൽ നിയമനം. കോഴിക്കോട് സായ്‌യിലെത്തുന്നത് 1994ൽ.
3. ജൂനിയർ,യൂത്ത് ,സീനിയർ തലങ്ങളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യൻ വനിതാ വോളിബാൾ ടീമിന്റെ കോച്ചായിരുന്നു.
4. ഡിപ്പാർട്ടുമെന്റൽ ടീമുകളായ കെ.എസ്.ഇ.ബി,പി.സി.എൽ എന്നിവയെയും പരിശീലിപ്പിച്ചിട്ടുണ്ട്.
5. ടോം ജോസഫ്,ആർ.രാജീവ്,കിഷോർ കുമാർ,ടി.പി സായൂജ്,പി.വി സുനിൽകുമാർ,ജിൻസൺ വർഗീസ്,എസ്.വിനോദ്,യോഗനാഥൻ,ചന്ദ്രശേഖർ,പോൾ ജോസഫ്,ശ്രീഷ് ടി.കെ തുടങ്ങി പ്രതിഭാധനരായ ശിഷ്യരുടെ നീണ്ടനിരയ്ക്ക് ഉടമ.