ഒന്നാന്തരം ഡിസൈൻ, ഏതോ കരകൗശല വിദഗ്ദ്ധന്റെ കരവിരുതാണിതെന്ന് തോന്നിപ്പോകും. കിട്ടിയാൽ അപ്പോൾതന്നെ ഷോ കെയ്സിൽ അലങ്കാരത്തിന് വയ്ക്കാമെന്ന ആഗ്രഹവും തോന്നും. പക്ഷേ, അടുത്തുചെല്ലുമ്പോഴാകും സംഗതിയുടെ യഥാർത്ഥ ഗുട്ടൻസ് പിടികിട്ടുക. അതൊരു അലങ്കാല വസ്തുവല്ല. വിശപ്പിന് അകത്താക്കാൻ പറ്റിയ ഒന്നാന്തരം ബ്രെഡ്! പലതരം ബ്രെഡുകളുണ്ട് വിപണിയിൽ. പക്ഷേ, ഇതുപോലൊന്ന്.. വെരി വെരി സ്പെഷ്യൽ, വിവിധതരത്തിൽ ഡിസൈൻ ചെയ്ത ബ്രെഡുകൾ.
നോർത്ത് കരോലിനയിലെ ഫുഡ് ആർട്ടിസ്റ്റായ ഹന്ന പിയുടെ ഇൻസ്റ്റഗ്രാം പേജ് ഒന്ന് നോക്കിയാൽ കാണാം ഡിസൈൻ ചെയ്ത കൊതിയൂറും ബ്രെഡുകൾ. അത് കാണുമ്പോൾ ഇത്രയും ഭംഗിയുള്ള ബ്രഡ് എങ്ങനെ കഴിക്കും എന്ന ചിന്തയാവും എല്ലാവരിലും ഉണ്ടാവുക.
ഇത് ശരിക്കും ഒരു കരവിരുത് തന്നെയാണ്. കൈകൾ കൊണ്ടുതന്നെയാണ് ഹന്ന ഇവയുടെ ഡിസൈനുകളൊക്കെ ഉണ്ടാക്കുന്നത്. ഇലകളുടെയും വള്ളിച്ചെടികളുടെയും രൂപങ്ങൾ ബ്രെഡിലുണ്ട്. കൂടാതെ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ബ്രഡിനെ കൂടുതൽ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ''ബ്ളോണ്ടി + റൈ'' എന്നതാണ് ഹന്നയുടെ ഇൻസ്റ്റഗ്രാം ഐഡി. ഹന്നയുടെ ഫുഡ് ഡിസൈനിംഗിൽ ആകൃഷ്ടരായി ഇതിനോടകം തന്നെ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലുണ്ട്.