ഊഞ്ഞാലാടാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ, ഇക്വഡോറിലെ ഒരു മലമുകളിൽ വലിയൊരു ഊഞ്ഞാൽ ഉണ്ട്. അതിലിരുന്ന് ആടാൻ കുറച്ച് ധൈര്യം വേണം. ഇക്വഡോറിലെ ഒരു അഗ്നിപർവതമാണ് തുംഗുറുവ. ആ പ്രദേശങ്ങളിൽ ഭൂമികുലുക്കത്തിന്റെ സാദ്ധ്യത കൂടുതലായതിനാൽ സമുദ്രനിരപ്പിൽ നിന്ന് 8530.184 അടി (2,600 മീറ്റർ) ഉയരത്തിൽ ഒരു ഭൂകമ്പ നിരീക്ഷണ കേന്ദ്രം നിർമിച്ചിട്ടുണ്ട്. പേര് കാസ ഡെൽ അർബോൾ. അത് ഒരു മരത്തിന്റെ മുകളിലാണ് നിർമിച്ചിരിക്കുന്നത്. ഏറുമാടം പോലെയുള്ള ഈ കെട്ടിടത്തിലേക്ക് സഞ്ചാരികൾ ധാരാളമായി എത്താറുണ്ട്. അത് പക്ഷേ, അഗ്നിപർവതം കാണാൻ മാത്രം അല്ല. ആ മരത്തിൽ നിന്ന് ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്. അതും സഞ്ചാരികളുടെ ആകർഷണ ഘടകമാണ്. എന്നാൽ, ധൈര്യം ഉണ്ടെങ്കിൽ മാത്രമേ അതിലാടാൻ പറ്റൂ. കാരണം ആടിയെത്തുന്നത് കൊക്കയുടെ മുകളിലേക്കാണ്. മാത്രമല്ല, ഊഞ്ഞാലാടുന്നവരുടെ സുരക്ഷയ്ക്കായി വേറെ കയറുകളോ ചങ്ങലകളോ അതിൽ ബന്ധിപ്പിച്ചിട്ടില്ല. സീറ്റ് ബെൽറ്റ് പോലെ ചെറിയൊരു ബെൽറ്രുണ്ട്, അത്രതന്നെ.
ഈ ഊഞ്ഞാൽ അവിടെ ആരാണ് കെട്ടിയത് എന്ന് ആർക്കും അറിയില്ല. നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരിൽ ആരെങ്കിലും ആകും എന്ന് ഊഹാപോഹമുണ്ട്.. 'ദി ഏൻഡ് ഓഫ് ദ് വേൾഡ്' എന്നാണ് ഈ ഊഞ്ഞാലിന്റെ പേര്. ലോകത്തിന്റെ അറ്റം എന്ന് അർത്ഥം. ജീവൻ സംരക്ഷിക്കാൻ സുരക്ഷാമാർഗങ്ങൾ ഇല്ലാതെ ഭൂമിയുടെ മുകളിൽ പറക്കുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണെന്ന് ആ ഊഞ്ഞാലിലാടിയവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യമൊക്കെ ആരും നിരീക്ഷിക്കാൻ ഇല്ലായിരുന്നെങ്കിലും ഇപ്പോൾ സുരക്ഷാ ജീവനക്കാർ സഹായിക്കാൻ അവിടെ ഉണ്ടാകും. മലഞ്ചരിവ് ആയതിനാൽ അത്രയധികം പേടിക്കേണ്ട ആവശ്യമില്ല എന്ന് പറയുന്നവരും ഉണ്ട്. സഞ്ചാരികളുടെ ഒഴുക്ക് കാരണം അവിടെ രണ്ട് ഊഞ്ഞാലുകൾ കൂടി കെട്ടിയിട്ടുണ്ട്. 140 രൂപയാണ് ഊഞ്ഞാൽ ആടാൻ കൊടുക്കേണ്ടത്. ഊഞ്ഞാലാടുമ്പോൾ ഫോട്ടോ എടുക്കാനും അവിടെ ജീവനക്കാർ ഉണ്ട്.