ബർലിൻ: അന്തർവാഹിനികൾക്ക് സഹായകമാകുന്ന എയർ ഇന്‍റിപെൻഡന്റ് പ്രൊപ്പൽഷൻ(എ ഐ പി) സംവിധാനങ്ങൾ നൽകണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി ജർമനി. ആഗസ്റ്റ് ആദ്യ ആഴ്ചതന്നെ ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചതായി ജർമൻ സർക്കാർ വ്യക്തമാക്കുന്നു.
ജര്‍മനിയുടെ ഉന്നത സുരക്ഷ കൗണ്‍സിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ അദ്ധ്യക്ഷയായ സമിതിയുടെയാണ് തീരുമാനം. മുങ്ങിക്കപ്പലുകളെ ആഴ്ചകളോളം കടലിന് അടിയില്‍തന്നെ മുങ്ങി കിടക്കാന്‍ സഹായിക്കുന്നതാണ് എയര്‍ ഇന്‍റിപെന്‍റന്‍റ് പ്രൊപ്പല്‍ഷന്‍ സംവിധാനം.
2017ല്‍ കാബൂളിലെ ജര്‍മന്‍ എംബസിയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയുന്നതില്‍ പാകിസ്ഥാന്‍റെ നിസഹകരണമാണ് ജർമനി ഇത്തരമൊരു നടപടിയെടുക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. 150 പേര്‍ കൊല്ലപ്പെട്ട ട്രക്ക് ബോംബ് സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാനില്‍ അടക്കം വേരുകള്‍ ഉള്ള ഹഖാനി ഗ്രൂപ്പാണ്.