kaumudy-news-headlines

1. സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണം എന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണര്‍ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം എന്‍.ഐ.എ അന്വേഷിക്കണം. സ്വര്‍ണ കടത്തുമായി ബന്ധമുള്ള ഫയലുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരുന്നു യുഡിഎഫ് സമരം. കുഴപ്പം ഉണ്ടാക്കിയത് പൊലീസാണ്. ചീഫ് സെക്രട്ടറി ചീഫ് സെക്യൂരിറ്റി ഓഫിസറാണോ എന്നും ചെന്നിത്തല ചോദിച്ചു


2. സെക്രട്ടേറിയറ്റ് തീ പിടിത്തം സംബന്ധിച്ച വാദ പ്രതിവാദങ്ങള്‍ നിലനില്‍ക്കെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ തേടി പൊലീസ്. അഞ്ച് ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. തീ പിടിച്ച ഭാഗത്ത് സി.സി.ടി.വി ഇല്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം മറുപടി നല്‍കും. അതേസമയം, സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന നിഗമനത്തില്‍ ആണ് അഗ്നിശമന സേന. ഫാനിലെ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും
3. രണ്ടു വര്‍ഷം മുന്‍പ് മോക്ഡ്രില്‍ നടന്ന മെയിന്‍ബ്ലോക്കില്‍ സുരക്ഷാ മാനദണ്ഡങ്ങളിലുള്ള നിര്‍ദേശങ്ങള്‍ നടപ്പായില്ലെന്ന വിമര്‍ശനവും അഗ്നിശമന സേനയ്ക്കുണ്ട്. ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാധ്യത ഉള്‍പ്പെടെയാണ് ദുരന്ത നിവാരണ കമ്മീഷ്ണര്‍ എ. കൗശികന്‍െ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. ചുമരിലെ ഫാനില്‍ നിന്നാണ് തീപടിച്ചത് എന്ന പൊതുമരാമത്തിന്‍െ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നത് ആണ് ഫയര്‍ഫോഴ്സിന്‍െ നിഗമനവും
4. ചിറ്റാറില്‍ ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സി.ബി.ഐ സ്വതന്ത്ര ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കും. അടുത്തദിവസം തന്നെ പ്രഥമ വിവര റിപ്പോര്‍ട്ട് രേഖപ്പെടുത്തി സി.ബി.ഐ അന്വേഷണം തുടങ്ങും. റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റമോര്‍ട്ടം ചെയ്യാനുള്ള നടപടികളും തുടങ്ങി. അവ്യക്തതയുടെ പേരില്‍ അന്വേഷണം തുടങ്ങാന്‍ സാങ്കേതിക തടസ്സം നിലവില്‍ ഉണ്ടായിരുന്നത് മാറിയതോടെ ആണ് തുടര്‍ നടപടികള്‍ ആരംഭിച്ചത്.
5. മൃതദേഹം സി.ബി.ഐ ഏറ്റെടുക്കും. നടപടി ക്രമങ്ങളില്‍ സി.ബി.ഐയുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു എന്നും കേസ് ഏറ്റെടുത്ത് ഉടന്‍ അന്വേഷണം തുടങ്ങാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതോടെ ആണ് അന്വേഷണ വഴിയിലെ തടസ്സം പൂര്‍ണമായും മാറിയത്. മത്തായിയുടെ മരണം സംബന്ധിച്ച കേസ് ഡയറി പൊലീസ്, പ്രത്യേക ദൂതന്‍ വശം സി.ബി.ഐക്ക് കൈമാറി. ജൂലായ് 28നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.
6.നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവയ്ക്കണം എന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്താമാക്കവെ, നിലപാട് വ്യക്തമാക്കാതെ കേരളം. നീറ്റും ജെ.ഇ.ഇയും ഇപ്പോള്‍ നടത്തരുതെന്ന് സി.പി.എം കേന്ദ്ര നേതൃത്വം പരസ്യമായി നിലപാട് എടുത്തിട്ടുണ്ട് എങ്കിലും നിയമ പോരാട്ടത്തില്‍ കേരള സര്‍ക്കാരും പങ്കാളിയാകുമോ എന്ന് വ്യക്തമല്ല. കോണ്‍ഗ്രസ് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധിക്കും. നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമപ്പോരാട്ടത്തിന് തയ്യാറെടുക്കുക ആണ്. കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നാണ് നിലപാട്
7. അക്കാദമിക് വര്‍ഷത്തെ ബാധിക്കുന്നതിനാല്‍ പരീക്ഷ മാറ്റാന്‍ ആകില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വാദം. വിദ്യാര്‍ഥികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നുണ്ട്. നീറ്റ് അടുത്ത മാസം 13നും ജെ.ഇ.ഇ മെയിന്‍ അടുത്ത മാസം ഒന്നു മുതല്‍ ആറു വരെയും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അഡ്മിറ്റ് കാര്‍ഡ് വിതരണവും ആരംഭിച്ചു. എന്നാല്‍ കൊവിഡ് ഭീഷണി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്യാംപെയിന്‍ തുടരുകയാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. അതിനിടെ, പരീക്ഷകള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രാലയ സെക്രട്ടറി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു.