ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന അന്താരാഷ്‌ട്ര അതിർത്തിയിലെ പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റവും തുടർന്നുളള കുഴപ്പങ്ങളും ലഡാക്കിലെ ചൈനയുമായുളള അതിർത്തി സംഘർഷവും ഫലത്തിൽ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുകയാണ്.
സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിൽ നിർമ്മിച്ച വായുവിലൂടെയുളള ഭീഷണി നേരിടുന്നതിനുളള റഡാർ സംവിധാനമായ ഫാൽക്കൺ അവാക്‌സിന് അനുമതി നൽകാൻ സർക്കാർ തീരുമാനമായി.
റഷ്യൻ നിർമ്മിത എ-50 എയർക്രാഫ്‌റ്രിന് മുകളിൽ ഘടിപ്പിക്കുന്ന ഫാൽക്കൺ റഡാർ 360 ഡിഗ്രി തിരിഞ്ഞ് ശത്രുക്കളുടെ നീക്കം സസൂക്ഷ്‌മം നിരീക്ഷിക്കും. നിലവിൽ ഇന്ത്യയ്‌ക്ക് ഫാൽക്കൺ റഡാർ ഘടിപ്പിച്ച മൂന്ന് വിമാനങ്ങളുണ്ട്. 240 ഡിഗ്രി നിരീക്ഷണത്തിന് ഉതകുന്ന ഡിആർഡിഒ നിർമ്മിത വിമാനങ്ങൾ രണ്ടെണ്ണവുമുണ്ട്.
ചൈനയ്‌ക്ക് ഇവ 28 എണ്ണമാണുളളത്. പാകിസ്ഥാന് ഏഴും. സർക്കാർ ഔദ്യോഗികമായി ഇതേപറ്റി വിവരമൊന്നും നൽകിയില്ലെങ്കിലും ക്യാബിനറ്റിന്റെ സെക്യൂരിറ്രി കമ്മിറ്രി ഇതിന് അനുമതി നൽകി കഴിഞ്ഞു. മുൻപ് ഇതേ ശുപാർശ കമ്മിറ്റിക്ക് മുൻപിലെത്തിയെങ്കിലും ചില വസ്‌തുകളിൽ വ്യക്‌തത വരുത്താൻ ശുപാർശ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന് കൈമാറി. ഫാൽക്കൺ റഡാറുകൾ രണ്ട് മുതൽ മൂന്ന് വർഷമെടുത്താകും ഇവ എത്തുക.
ഫെബ്രുവരി 26ലെ ബാലാകോട്ട് ആക്രമണത്തിൽ പാകിസ്ഥാൻ രണ്ട് സ്വിസ് നിർമ്മിത റഡാർ സംവിധാനമുളള വിമാനങ്ങളിൽ സ്ഥിതി നിരീക്ഷിച്ചിരുന്നു. ഇതും ലഡാക്കിലുണ്ടായ ചൈനീസ് പ്രകോപനവും വായുവിലൂടെയുളള ഭീഷണി നേരിടുന്നതിനുളള റഡാർ സംവിധാനം കരസ്ഥമാക്കേണ്ടതിന്റെ ആവശ്യം വായുസേനക്ക് ബോദ്ധ്യപ്പെടാൻ കാരണമായി.
സിയാച്ചിൻ മേഖലയിലേക്ക് സേനാ നീക്കം ശക്തിപ്പെടുത്തുന്നതിനും ചൈനയോട് ചേർന്ന് കിടക്കുന്ന ദൗലത് ബെഗ് ഓൾട്ടി മേഖലയിലേക്ക് മെച്ചപ്പെട്ട റോഡ് സൗകര്യം ഉണ്ടാക്കാനും കേന്ദ്ര സർക്കാർ തീരമാനിച്ചിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിന് ഫാൽകൺ റഡാർ സംവിധാനം ഉപയോഗിക്കും. ഇവക്ക് പുറമേ തന്ത്രപ്രധാന മേഖലകളിൽ ഉപയോഗത്തിന് 200 ഡ്രോണുകളും ഉടൻ സേനയ്‌ക്ക് ലഭിക്കും.ഡിആർഡിഒയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്.