
തിരുവന്തപുരം: നിസാരകാര്യങ്ങളിൽ പോലും മനംനൊന്ത് കഴിയുന്നവർക്ക് പഠിക്കാൻ ഒരു പാഠമാണ് സരികയുടെ മുഖത്തെ ഈ നിറചിരി. വിധിയോട് പൊരുതാൻ വിധി തന്നെ സൃഷ്ടിച്ച ഒരു ജന്മം പോലെയാണ്, ഈ മുപ്പത്തിയഞ്ചുകാരിയുടെ ജീവിതം. ദുഃഖങ്ങളും ദുരിതങ്ങളും നിരന്തരം വേട്ടയാടുകയാണ്. എങ്കിലും സരിക ചിരിക്കുകയാണ്, വിധിയെ തോല്പിക്കും പോലെ! സ്‌കൂളിൽ പഠിക്കുമ്പോഴേ ഒപ്പം കൂടിയതാണ് ഒരു മാറാരോഗത്തിന്റെ തീരാവേദന. രോഗം എന്താണെന്ന് ഇനി വേണം തിരിച്ചറിയാൻ. മൂന്ന് വർഷമായി കാൻസറുമുണ്ട്, കരളിലും ശ്വാസകോശത്തിലും. ആർ.സി.സിയിലാണ് ചികിത്സ. കീമോതെറാപ്പിയുടെ ക്ലേശങ്ങളുണ്ട്. ഇടയ്ക്കിടെ അസഹ്യമായ തലവേദന വരും .
അമ്മ കാൻസർ ബാധിച്ച് നാല് വർഷം മുൻപ് മരിച്ചു. അച്ഛൻ കൈകാലുകൾ തളർന്ന് കിടപ്പിലാണ്. പേരൂർക്കടയിലെ വാടകവീട്ടിൽ വിധവകളായ രണ്ട് ചേച്ചിമാർക്കും അവരുടെ വിദ്യാർത്ഥികളായ മക്കൾക്കും ഒപ്പമാണ് താമസം. ചേച്ചിമാർ ജോലിക്ക് പോകുന്നവരല്ല. നാല് മാസം മുൻപ് വരെ സരിക നഗരത്തിൽ പാളയത്ത് തയ്യൽക്കട നടത്തുകയായിരുന്നു. കൊവിഡ് മൂലം കമ്പോളം അടച്ചപ്പോൾ ആ വഴി മുടങ്ങി. പട്ടിണിയിലേക്ക് നീങ്ങുകയായിരുന്നു ജീവിതം. ഒരു കച്ചിത്തുരുമ്പ് പോലെ തുടങ്ങിയതാണ് ബിരിയാണി വിൽപ്പന. ഓർഡറനുസരിച്ച് ബിരിയാണിയുണ്ടാക്കി സ്‌കൂട്ടറിൽ സരിക തന്നെ വീടുകളിൽ എത്തിക്കും. സ്‌കൂട്ടറോടിക്കാൻ ആരോഗ്യം ഒട്ടും അനുവദിക്കാത്ത ദിവസങ്ങളിലേ സഹോദരിമാരുടെ മക്കളെ ആ ജോലി ഏല്പിക്കൂ. 70 രൂപയാണ് ഒരു ബിരിയാണിയുടെ വില. അഞ്ച് എണ്ണത്തിന് 250 രൂപ എന്ന കോമ്പോ ഓഫറുമുണ്ട്.
ബിരിയാണിയുണ്ടാക്കാനും വില്ക്കാനും ചേച്ചിമാരും സഹായിക്കുന്നു. ദിവസം 100-150 ബിരിയാണിക്കുള്ള ഓർഡറുകൾ വരുന്നുണ്ടെങ്കിലും 50ൽ കൂടുതൽ ഉണ്ടാക്കി വിൽക്കാനുള്ള സൗകര്യങ്ങളില്ല. വിപുലമായ രീതിയിൽ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അതത് ദിവസത്തെ ചെലവിനും മരുന്നിനുമുള്ളത് മാറ്റിയാൽ കൈയിൽ ചില്ലിക്കാശ് പോലും മിച്ചമുണ്ടാവില്ല. ''സമ്പാദ്യമൊന്നും വേണ്ട, ജീവിക്കാനുള്ളത് മാത്രം മതി, പട്ടിണി കിടക്കേണ്ടി വരരുത് . തയ്യൽക്കട വീണ്ടും തുറക്കണം. ബിരിയാണിക്കച്ചവടവും തുടരണം. ഒരു രോഗത്തിനും എളുപ്പമൊന്നും എന്നെ കീഴടക്കാനാവില്ല ' സരികയുടെ മുഖത്തും വാക്കുകളിലും അപ്പോഴും പ്രസരിപ്പ്. സരികയുടെ ഫോൺ: 9895561212.