കോവളം: വിഴിഞ്ഞത്തിന് പുത്തൻപ്രതീക്ഷ നൽകി ക്രൂചെയ്ഞ്ചിംഗ് അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ ഏഴോടെ പുറംകടലിൽ നങ്കൂരമിട്ട എസ്.ടി.ഐ സ്റ്റെബിലിറ്റി ടാങ്കറും 11ഓടെ എത്തിയ കൂറ്റൻ എം.വി എവർഗ്രീറ്റ് കണ്ടെയ്‌നർ കപ്പലും മൂന്ന് മണിക്കൂറിനുള്ളിൽ ക്രൂ ചെയ്ഞ്ചിംഗ് നടത്തി മടങ്ങി. റാസ് ലാഫാനിൽ നിന്നും മാപ് താ പുത്തിലേക്ക് പോയ സ്റ്റെബിലിറ്റിയിൽ നിന്നും 10 പേർ ഇറങ്ങുകയും 11 പേർ കയറുകയും ചെയ്‌തു.
നെതർലാന്റിൽ നിന്നും കൊളംബോയിലേക്ക് പോയ എവർഗ്രീറ്റിൽ ഒമ്പത് പേർ ഇറങ്ങുക മാത്രമാണ് ചെയ്‌തത്. 20,388 കണ്ടെയ്‌നർ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മദർഷിപ്പാണിത്. ഇതിനിടെ തുറമുഖ വകുപ്പ് ഗോവയിൽ നിന്നും 31ന് എത്തിക്കുമെന്ന് പറഞ്ഞ പുതിയ ടഗ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കാരണം ബേപ്പൂരിന് നൽകാൻ നീക്കം. അവിടെയുള്ള എം.ടി ചാലിയാർ എന്ന ടഗിനെ പകരം വിഴിഞ്ഞത്ത് എത്തിക്കുമെന്നാണ് സൂചന. ഇതുവരെ 16 കപ്പലുകളാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തിയത്.
കൊല്ലത്തും ബേപ്പൂരിലും തുറമുഖ വകുപ്പിന് ടഗ് ഉണ്ട്. കൊല്ലത്തെ ടഗ് അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുകയാണ്. ബേപ്പൂരിലേത് നിത്യേന ഉപയോഗിക്കുന്നതുമാണ്. അഴീക്കൽ, ബേപ്പൂർ എന്നിവിടങ്ങളിലേക്കാണ് തുറമുഖവകുപ്പ് പുതുതായി രണ്ട് ടഗുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടത്. ടഗിന് 9 കോടി രൂപയാണ് ചെലവ്. ഭാരം - 450 ടൺ. ഇതുവരെ എത്തിയത് - 8 കപ്പലുകൾ.തുറമുഖ വകുപ്പിന് ലഭിച്ച വരുമാനം - 19 ലക്ഷം.
സൂയസ് കനാൽ വഴിയുള്ള അന്താരാഷ്ട്രകപ്പൽചാലിൽ നിന്നുള്ള ദൂരം
കൊച്ചിയിലേക്ക് 200 നോട്ടിക്കൽ മൈൽവിഴിഞ്ഞത്തേക്ക് 20 നോട്ടിക്കൽ മൈൽ
വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ
അന്താരാഷ്ട്ര കപ്പൽചാലിന് അടുത്തുള്ള വലിയ തുറമുഖം, തീരക്കടലിലെ ആഴക്കൂടുതൽ എന്നിവയാണ് വിഴിഞ്ഞത്തേക്ക് കൂറ്റൻ കപ്പലുകൾ അടുക്കുന്നതിന് കാരണം. ക്രൂചെയ്ഞ്ചിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തുറമുഖ വകുപ്പ് ഏർപ്പെടുത്തിയാൽ മാസത്തിൽ എല്ലാ ദിവസവും കപ്പലുകൾ എത്തും. ഒരു കപ്പലെത്തുമ്പോൾ വാടക ഇനത്തിലും മറ്റുമായി മൂന്നു ലക്ഷം രൂപവരെ വരുമാനം ലഭിക്കും.