കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച്. കളക്‌ട്രേറ്റിലെ ക്ലാർക്ക് വിഷ്ണു പ്രസാദിനെതിരായ കുറ്റപത്രത്തിൽ തട്ടിപ്പിന് വ്യാജ രസീതുണ്ടാക്കിയെന്നും കളക്‌ടറുടെ വ്യാജ ഒപ്പിട്ടെന്നുമാണ് പറയുന്നത്. കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. 67,78,000 രൂപയുടെ തട്ടിപ്പ് പ്രളയഫണ്ടിൽ നടന്നിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 588 പേജുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
കളക്ട്രേറ്റിലെ മറ്റ് ചില ജീവനക്കാരും തട്ടിപ്പിന് കൂട്ടുനിന്നു എന്ന സംശയത്തിൽ വകുപ്പുതല അന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണർക്കുള്ള നിർദേശം. തുടർന്ന് കളക്‌ട്രേറ്റിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.
തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന എം.എം.അൻവർ, എൻ.എൻ നിധിൻ, വിഷ്ണുപ്രസാദ് തുടങ്ങി ഏഴ് പ്രതികളാണ് പിടിയിലായത്. വിഷ്ണുപ്രസാദ് ഒഴികെ എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങി. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ വിഷ്‌ണുവിന്റെയും സി.പി.എം നേതാക്കളുടെയും മറ്റ് ചിലരുടേയും അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.