kvidog

ഇടുക്കി: പെട്ടിമുടി ദുരന്ത ഭൂമിയിൽ നിന്ന് പൊലീസ് ഏറ്റെടുത്ത കുവി എന്ന നായ ഇടുക്കി ജില്ലാ പൊലീസ് സ്ക്വാഡിന്റെ അരുമയായി വളരും. കുവിയെ പൊലീസ് ഏറ്റെടുത്തതോടെ ഡോഗ് സ്ക്വാഡിലുൾപ്പെടുത്തുമെന്ന പ്രചാരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശക്തമാണ്. എന്നാൽ, സാങ്കേതികമായി ഡോഗ് സ്ക്വാഡിലെ അംഗമാക്കുമെങ്കിലും സേനയിലെ പെറ്റ് ഡോഗായി കുവിയെ വളർത്താനാണ് തീരുമാനമെന്നാണ് ഔദ്യോഗിക ഭാഷ്യം. പൊലീസ് ഡോഗ് സ്ക്വാഡിന്റെ ചുമതലയുള്ള ഡി.ഐ.ജി പ്രകാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതായത് സേനയിൽ പരിശീലനമോ ഡ്യൂട്ടിയോ കുവിയ്ക്ക് ഉണ്ടാവില്ല.

പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് തന്റെ കളിക്കൂട്ടുകാരി ധനുഷ്കയെ തേടി നടക്കുകയും അവളുടെ മൃതദേഹം കണ്ടെത്താൻ പൊലീസിനെ സഹായിക്കുകയും ചെയ്താണ് കുവി എന്ന നാടൻ പെൺനായ നാടിന്റെ ശ്രദ്ധനേടിയത്. ധനുഷ്‌കയ്ക്കായി ദുരന്ത ഭൂമിയിലെങ്ങും ഓടി നടക്കുകയും അവസാനം അവളുടെ ചേതനയറ്റ ശരീരം ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് അതീവ ദുഃഖത്തോടെയാണ് കേരളം കണ്ടതും ശ്രവിച്ചതും. പെട്ടിമുടിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെയുള്ള ഗ്രാവൽ ബങ്ക് എന്ന സ്ഥലത്ത് വളർത്തുനായ കുട്ടിയുടെ മണം പിടിച്ച് എത്തുകയായിരുന്നു. ഉറ്റവർ ഒഴുകിപ്പോയ അരുവിയുടെ തീരത്ത് എന്നുമെത്തി കുവി കുരച്ച് ബഹളമുണ്ടാക്കിയിരുന്നു. സംശയം തോന്നിയെത്തിയ ദൗത്യസംഘം പുഴയ്ക്ക് കുറുകേ കിടന്ന മരക്കൊമ്പുകളിൽ നിന്ന് രണ്ടുവയസ്സുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ദിവസങ്ങളോളം ധനുഷ്‌ക മടങ്ങി വരുമെന്ന പ്രതീക്ഷയിൽ കുവി പെട്ടിമുടിയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. ദുരന്ത ഭൂമിയിൽ തളർന്നുറങ്ങുന്ന കുവിയെ ശ്രദ്ധയിൽപ്പെട്ട ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവനാണ് പിന്നീട് ഭക്ഷണവും മറ്റും നൽകി കുവിയെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. തുടർന്ന് തന്റെ വീട്ടിലേക്ക് കുവിയെ കൊണ്ടുപോകാൻ അതീവ താത്പര്യം കാണിച്ചപ്പോഴാണ് സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് കുവിയെ സംരക്ഷിക്കാനുള്ള നടപടികൾക്ക് നിർദേശമുണ്ടായത്. ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാണെങ്കിലും പരീശീലനം നൽകാനുള്ള പ്രായമൊക്കെ കഴിഞ്ഞതിനാൽ അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ പെറ്റ് ഡോഗ് എന്ന പരിഗണന നൽകി മികച്ച പരിചരണം നൽകാനാണ് തീരുമാനം. ഇടുക്കി ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിന് ലഭിക്കുന്ന എല്ലാ പരിഗണനയും പരിചരണവും കുവിയ്ക്കും നൽകും.