bevco

തിരുവനന്തപുരം: ഓണം കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യവിൽപനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് എക്സൈസ് വകുപ്പ്. മദ്യം വാങ്ങുന്നതിന് ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിൽ ഒരു ദിവസം 400 ടോക്കണുകൾ വിതരണം ചെയ്യുന്നിടത്ത് 600 ടോക്കൺ വരെ ഇനി അനുവദിക്കും. ഇനി മുതൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെയായിരിക്കും മദ്യവിൽപ്പന.

തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. ഒരു തവണ ടോക്കൺ എടുത്ത് മദ്യം വാങ്ങിയവ‍ർക്ക് വീണ്ടും മദ്യം വാങ്ങാൻ മൂന്ന് ദിവസത്തെ ഇടവേള നി‍ർബന്ധമാക്കിയതും താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം. ബെവ്കോയുടെ ബെവ്ക്യൂ ആപ്പ് വഴിയാണ് ടോക്കണുകൾ ബുക്ക് ചെയ്യേണ്ടത്.

ബെവ്ക്യൂ വഴിയുള്ള മദ്യവിൽപന ആരംഭിച്ച ശേഷം സംസ്ഥാനത്തെ ബെവ്കോ-കൺസ്യൂമ‍ർ ഫെഡ് മദ്യവിൽപനശാലകളിൽ മദ്യവിൽപന കുറഞ്ഞിരുന്നു. ഇതേ തുടർന്ന് ജീവനക്കാരുടെയും പ്രതിപക്ഷത്തിന്റേയും പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് പുതിയ പരിഷ്‌കരണത്തിന് എക്സൈസ് വകുപ്പ് തയ്യാറെടുത്തിരിക്കുന്നത്.