ajith-shalini

നിരവധി ബാലതാരങ്ങൾ മലയാള സിനിമയിൽ മിന്നി മറഞ്ഞിട്ടുണ്ട്. ബേബി സുമതിയും ശ്രീദേവിയും മുതൽ പുതുതലമുറയിലെ മിന്നുംതാരകങ്ങളായി നിറഞ്ഞുനിൽക്കുന്നവർ വരെയുള്ള ആ പട്ടിക വളരെ വലുതാണ്. എന്നിരുന്നാലും ബാലതാരം എന്ന വാക്ക് കേൾക്കുമ്പോൾ മലയാളിയുടെ മനസിലേക്ക് ഓടിവരുന്ന ഒരു മുഖമുണ്ട്; ബേബി ശാലിനിയുടെ മുഖം. 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക് ' എന്ന ചിത്രത്തിലൂടെ ഫാസിൽ കണ്ടെത്തിയ താരമായിരുന്നു ബേബി ശാലിനി. പിന്നീട് മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ മകളായി എൺപതുകളിൽ കൊച്ചുശാലിനി മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ശാലിനിയുടെ ഡേറ്റിനായി പ്രമുഖ സംവിധായകർ കാത്തിരിക്കുന്ന അവസ്ഥ.

ഫാസിലിന്റെ തന്നെ അനിയത്തിപ്രാവിലൂടെയാണ് നായികയായുള്ള ശാലിനിയുടെ അരങ്ങേറ്റം. കുഞ്ചാക്കോ ബോബൻ-ശാലിനി ജോഡി അക്കാലത്ത് കോളേജ് ക്യാമ്പസുകളുടെ ഹരമായിരുന്നു. 1999ലായിരുന്നു ഇന്നത്തെ തമിഴ് സൂപ്പർതാരം അജിത് കുമാറുമായുള്ള ശാലിനിയുടെ പ്രണയവിവാഹം. തുടർന്ന് അഭിനയ ജീവിതത്തോട് വിട പറയുമ്പോൾ കരിയറിലെ ഏറ്റവും പീക്കിലായിരുന്നു താരം. എന്നിട്ടും ശാലിനി അഭിനയം എന്തുകൊണ്ട് നിറുത്തി എന്ന ചോദ്യം എപ്പോഴും ആരാധകരിൽ നിന്നുയർന്നിരുന്നു. ഇപ്പോഴിതാ ശാലിനിതന്നെ അതിന് ഉത്തരം നൽകിയിരിക്കുകയാണ്. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മലയാളികളുടെ 'എവർഗ്രീൻ ബേബി ശാലിനി' മനസു തുറന്നത്.

അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്‌ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനേക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്. പരസ്‌പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്‌ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. അജിത്തിന് സിനിമയേക്കാൾ താൽപര്യം ബൈക്ക് റേസ്, കാർ റസ്, എൻജിൻ സെറ്റ് ചെയ്‌ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മിനിയേച്ചർ വിമാനങ്ങൾ പറത്തുകയൊക്കെയാണ്.

കുടുംബ വിഷയങ്ങളിലും കുട്ടികളുടെ കുടുംബകാര്യത്തിലുമൊക്കെ അജിത് പ്രത്യേകം ശ്രദ്ധ വയ്‌ക്കാറുണ്ട്. മക്കൾ പഠിക്കുന്ന സ്‌കൂളിലെ പരിപാടികളിൽ പങ്കെടുക്കാൻ അജിത്ത് താൽപര്യം കാണിക്കാറുണ്ട്. പൊതുവായി അജിത് പൊതുപരിപാടികളും മറ്റുചടങ്ങുകളും ഒഴിവാക്കുകയാണ് പതിവ്.​ ഇതിന് കാരണം നമ്മളാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന അജിത്തിന്റെ പോളിസിയാണ്.

അഭിമുഖത്തിന്റെ പൂർണരൂപം സെപ്‌തംബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.