bjp

ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയ പരസ്യം നല്‍കിയത് ബി.ജെ.പി. 2019 ഫെബ്രുവരി മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കണക്കുകള്‍ പ്രകാരം 4.61 കോടി രൂപയാണ് ഫേസ്ബുക്കില്‍ പരസ്യം നല്‍കുന്നതിനായി ബി.ജെ.പി ചെലവഴിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ഈ കാലയളവില്‍ 1.84 കോടി രൂപ പരസ്യങ്ങൾക്കായി മുടക്കിയെന്ന് റിപ്പോർട്ടുകൾ.

പരസ്യത്തിനായി പണം ചെലവഴിച്ചവരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളവരില്‍ നാലും ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഡല്‍ഹിലെ ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബി.ജെ.പി നേതൃത്വവുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പണം മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന പേജ് 1.39 കോടി രൂപ ചെലവഴിച്ചപ്പോള്‍ ഭാരത് കെ മാൻ കി ബാത്ത് 2.24 കോടിയും പരസ്യത്തിനായി ചെലവഴിച്ചു. നാഷന്‍ വിത്ത് നമോ 1.28 കോടി രൂപയും ബി.ജെ.പി നേതാവ് ആര്‍.കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം രൂപയും ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. തുകയെല്ലാം കൂടി പരിശോധിക്കുമ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ചെലവഴിച്ച തുക 10.17 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിനായി ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ ലഭ്യമാണെങ്കിലും പണം നല്‍കിയത് ആരെല്ലാം ആണെന്ന് വ്യക്തമല്ല. അതേസമയം, ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആം ആദ്മി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്.