christ-church

വെല്ലിംഗ്ടൺ: മലയാളി ഉൾപ്പെടെ 51 പേർ കൊല്ലപ്പെട്ട ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ കേസിലെ പ്രതിക്ക് പരോൾ രഹിത ആജീവാനന്ത തടവ് ശിക്ഷ വിധിച്ച് കോടതി. ആസ്ട്രേലിയക്കാരനായ 29കാരൻ ബ്രെന്റൺ ടാരന്റാണ് ലോകത്തെ നടുക്കിയ ആക്രമണത്തിലെ മുഖ്യപ്രതി.

ന്യൂസീലൻഡിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കഠിനശിക്ഷ വിധിക്കുന്നത്.

കേസിന്റെ വിചാരണ നാല് ദിവസംകൊണ്ടാണ് പൂർത്തിയായത്. കഴിഞ്ഞ വർഷം മാർച്ച് 15നാണ് ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികളിൽ ബ്രെന്റൺ ടാരന്റ് കൂട്ടക്കൊല നടത്തിയത്. 51 കൊലപാതകങ്ങൾ, 40 കൊലപാതക ശ്രമങ്ങൾ എന്നിവയും ഭീകരപ്രവർത്തന കുറ്റവുമാണ് പ്രതിക്കെതിരെ ചുമത്തിയത്. ക്രൂരവും മനുഷ്യത്വ രഹിതവുമാണ് കുറ്റവാളിയുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. ജഡ്ജ് കമെറോൺ മാൻഡറാണ് വിധി പ്രസ്താവിച്ചത്.

ഒരു മലയാളിയുൾപ്പെടെ അഞ്ച് ഇന്ത്യക്കാരും മരിച്ചിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയും ന്യൂസിലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയുമായിരുന്ന അൻസി അലി ബാവയാണ് മരിച്ച മലയാളി.

ആക്രമണത്തിൽ പരിക്കേറ്റവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഉൾപ്പെടെയുള്ളവർ വിചാരണ നടപടി വീക്ഷിക്കാൻ എത്തിയിരുന്നു.

''മനുഷ്യത്വരഹിതമായ അക്രമമാണിത്. നിങ്ങൾ ന്യൂസിലൻഡിലേക്ക് വന്നത് മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടാണെന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങൾ ആരോടും ദയകാട്ടിയില്ല. നിങ്ങളുടെ വക്രീകരിക്കപ്പെട്ട സിദ്ധാന്തം അടിസ്ഥാനപരമായി വിദ്വേഷമാണ്. അതാണ് നിരായുധരായ പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കാൻ പ്രേരിപ്പിച്ചത്. ഇത്തരം അതിക്രൂരമായ ദുഷ്ടചിന്തകളെ തള്ളിക്കളയുന്ന തരത്തിൽ പ്രതികരിക്കേണ്ടത് കോടതിയുടെ കടമയാണ്.- കോടതി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ കോടതി മുറിയിൽ വളരെ കുറച്ച് ആളുകളെ മാത്രമായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ വീഡിയോ കോൺഫറൻസിലൂടെ മറ്റുള്ളവർക്ക് കോടതി നടപടികൾ വീക്ഷിക്കാൻ അവസരമൊരുക്കിയിരുന്നു.

 ആക്രമണം ലൈവ്

ലോകത്തെ ഞെട്ടിച്ച ആക്രമണം പ്രതി സ്വന്തം സോഷ്യൽമീഡിയയിലൂടെ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച കാമറയിലൂടെയാണിത്. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നമസ്കാരത്തിനെത്തിയവരിൽ കഴിയാവുന്നത്രപേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കഴിഞ്ഞദിവസം വിചാരണയ്ക്കിടെ പ്രതി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 വികാരനിർഭരം വിചാരണ

വിചാരണവേളയിൽ അത്യന്തം വികാര നിർഭരമായ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. മരിച്ചവരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളുമായാണ് വിചാരണയ്ക്കെത്തിയത്. പലരും തങ്ങൾക്കുണ്ടായ നഷ്ടങ്ങൾ വിവരിച്ചു. പരിക്കേറ്റവർ തങ്ങൾ അനുഭവിച്ച ഭീകരതയെക്കുറിച്ച് സംസാരിച്ചപ്പോഴും പ്രതി ഭാവഭേദമില്ലാതെ നിന്നു.

പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ പിതാവിന്റെ കാലിൽ പറ്റി നിന്ന മൂന്ന് വയസുകാരനെ നിങ്ങൾ മനഃപ്പൂർവം കൊന്നു. നിങ്ങളുടെ പ്രവൃത്തി നിർദയവും നിഷ്ഠൂരവും മൃഗീയവുമാണ്.

-ജഡ്ജി കാമറൂൺ മാൻഡർ