ന്യൂഡൽഹി: രാജ്യത്ത് മുഹറം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഘോഷയാത്ര നടത്തിയാൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലർ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടു. അത്തരം ഒരു സ്ഥിതി ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യം തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിന്നുള്ള ഷിയാ പുരോഹിതൻ സയിദ് കല്‍ബെ ജവാദ് ആണ് രാജ്യവ്യാപകമായി ഘോഷയാത്രയ്ക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. സാമൂഹിക അകലം പാലിച്ച് അഞ്ച് പേർ മാത്രമുള്ള മുഹറം ഘോഷയാത്രയ്ക്ക് അനുമതി തേടി നൽകിയ മറ്റൊരു ഹർജിയിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിചേർക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു. സംസ്ഥാനങ്ങളെ കക്ഷി ചേർത്തശേഷം പരിഗണിക്കാം എന്നു വ്യക്തമാക്കി ആ ഹർജി മാറ്റുകയായിരുന്നു.
ലോക്ക്ഡൗൺ സമയത്ത് ഒഡീഷയിലെ പുരി ക്ഷേത്രത്തിൽ രഥയാത്ര നടത്താനും മുംബയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളിൽ പൂജ നടത്താനും ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് അനുമതി നൽകിയിരുന്നു. എന്നാൽ പുരിയിലും മുംബയിലെ ജൈന ക്ഷേത്രങ്ങളിലും ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മുഹറം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.