തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ജില്ലാഭരണകൂടം ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും കരുതിയതുപോലുള്ള ഫലം കാണുന്നില്ലെന്നാണ് തലസ്ഥാന ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതല്ലാതെ രോഗികളുടെ എണ്ണത്തിൽ സ്ഥിരമായ കുറവ് രേഖപ്പെടുത്താത്തതാണ് ഇപ്പോഴത്തെ വെല്ലുവിളി. കേസുകളുടെ എണ്ണം, സമ്പർക്കപ്പകർച്ച, മരണം, ആരോഗ്യപ്രവർത്തകരിലെ രോഗബാധ, ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ, ഉറവിടമറിയാത്ത കേസുകൾ എന്നിവയിലെല്ലാം ആശങ്കയുടെ തലസ്ഥാനമാവുകയാണ് തിരുവനന്തപുരം.
സംസ്ഥാനതലത്തിൽ രോഗം സ്ഥിരീകരിക്കുമ്പോൾ അതിന്റെ മൂന്നിലൊന്ന് രോഗികൾ തലസ്ഥാന ജില്ലയിലാണ്. ജൂലായിൽ സംസ്ഥാനത്ത് ആദ്യമായി പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെയാണ് തിരുവനന്തപുരം കൊവിഡിന്റെ ശ്രദ്ധാകേന്ദ്രമായത്. തുടർന്ന് വൈറസ് വ്യാപനത്തെ ചെറുക്കാൻ ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കമുള്ള പ്രതിരോധമുറ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അതെല്ലാം പിൻവലിക്കേണ്ടിയും വന്നു. നഗരത്തിലും ഗ്രാമങ്ങളിലും ഒരുപോലെയാണ് ഇപ്പോൾ രോഗ വ്യാപനമുണ്ടാകുന്നത്.
നഗരത്തിലെ ലോക്ക് ഡൗൺ കൊണ്ട് രോഗവ്യാപനം തടയാനായില്ലെന്ന് നേരത്തെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടിയിരുന്നതാണ്. 16 ദിവസം കൂടുമ്പാൾ ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.9 ശതമാനമാണ്. ഇത് അഞ്ച് ശതമാനമാക്കാൻ ജില്ലാ ഭരണകൂടം പെടാപ്പാട് പെടുകയാണ്. എത്രപേരെ പരിശോധിക്കുമ്പാൾ എത്രപേർക്ക് കൊവിഡ് ബാധിക്കുന്നു എന്നത് അടിസ്ഥാനപ്പെടുത്തിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കണക്കാക്കുന്നത്. അതേസമയം, മതിയായ അളവിൽ കൊവിഡ് പരിശോധനകൾ നടക്കുന്നില്ല എന്നത് കൂടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചൂണ്ടിക്കാട്ടുന്നത്. പത്ത് ലക്ഷം പേരെ പരിശോധിച്ചാൽ 692 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയാണ്. ഈ മാസം ഏഴ് വരെയുള്ള കണക്ക് പ്രകാരം പത്ത് ലക്ഷം പേരിൽ 551 എന്നതിൽ നിന്ന് തൊട്ടടുത്തയാഴ്ചയിൽ അത് ഇരട്ടിയോളം ആകുന്നതാണ് വെല്ലുവിളി.
ട്രിപ്പിൾ ലോക്ക് ഡൗൺ ഏശിയില്ല
16 ദിവസം കൂടുമ്പാൾ
രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.9 %