വാർസോ : ഹോ ! ടെൻഷൻ സഹിക്കാൻ വയ്യ. വല്ലാത്ത സ്ട്രെസ്.... ജോലിയുടെ സമ്മർദ്ദം തലയിൽ കയറിയിരിക്കുന്നവരുടെ കാര്യമല്ല ഇവിടെ പറയാൻ പോകുന്നത്. ' മാനസിക പിരിമുറുക്കം ' കാരണം ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ആനകളെ പറ്റിയാണ്. ആനകൾക്ക് മാനസിക പിരിമുറുക്കമോ....? അതെ, കാട്ടിൽ ജീവിക്കേണ്ട ആനകളെ പിടിച്ച് മനുഷ്യർ കൂടുകളിലാക്കിയാൽ പിന്നെ ആ ജീവികൾക്ക് സ്വസ്ഥത കാണുമോ. ഇത് തന്നെയാണ് പോളണ്ടിലെ വാർസോ മൃഗശാലയിലെ ആനകൾ നേരിടുന്ന പ്രശ്നമെന്ന് മൃഗശാല അധികൃതർ പറയുന്നു. ആനകളുടെ സ്ട്രെസ് ലെവൽ കുറയ്ക്കാനായി മൃഗശാല അധികൃതർ തന്നെ ഒരു പുതിയ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു. കഞ്ചാവ് .! അതെ, ആനകളുടെ സ്ട്രെസ് ലെവൽ കുറയ്ക്കാനായി വാർസോ മൃഗശാലയിലെ അധികൃതർ ഇപ്പോൾ കഞ്ചാവ് നൽകാൻ തുടങ്ങിയിരിക്കുകയാണ്.
മൂന്ന് ആഫ്രിക്കൻ ആനകളാണ് വാർസോ മൃഗശാലയിലുള്ളത്. ഇവർക്കാണ് കഞ്ചാവിൽ നിന്നും വേർതിരിച്ചെടുത്ത സാന്ദ്രത കൂടിയ ദ്രാവക രൂപത്തിലുള്ള സി.ബി.ഡി ഓയിൽ നൽകുന്നത്. ഇതാദ്യമായാണ് ലോകത്ത് സി.ബി.ഡി ഓയിൽ ഉപയോഗിച്ച് ആനകളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള ചികിത്സ പരീക്ഷിക്കുന്നത്. അതേ സമയം, സാധാരണ കഞ്ചാവിന് പകരം മെഡിക്കൽ മരിജുവാനയാണ് ഇവിടെ ആനകളിൽ പരീക്ഷിക്കുന്നത്. ലോകമെമ്പാടും നായകളിലും കുതിരകളിലും മറ്റും ചികിത്സയ്ക്കായി മെഡിക്കൽ മരിജുവാന ഉപയോഗിക്കാറുണ്ട്. സ്ട്രെസ് ലെവൽ കുറയ്ക്കുന്നതിനാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്.
കൂട്ടത്തിലെ എർന എന്ന പെണ്ണാന മാർച്ചിൽ മരിച്ചതോടെ മൃഗശാലയിലെ മറ്റ് മൂന്ന് ആനകളും വിഷാദത്തിലായിരുന്നതായി അധികൃതർ പറയുന്നു. ആനകളുടെ സ്വഭാവത്തിൽ ഏറെ വ്യത്യാസം ഉണ്ടായി. കൂട്ടത്തിലെ നേതാവായിരുന്നു എർന. ചിലപ്പോൾ വർഷങ്ങളോളം വേണ്ടി വന്നേക്കാം ഈ ആനകളെ പഴയ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടു വരാൻ. കൂട്ടത്തിലെ ഫ്രെഡ്സിയ എന്ന ആനയാണ് ഏറ്റവും കൂടുതൽ തളർന്നത്. ഹോർമോൺ ലെവലും സ്വഭാവം നിരീക്ഷിച്ചും ഫ്രെഡ്സിയ എത്രമാത്രം സ്ട്രെസ് അനുഭവിക്കുന്നുണ്ടെന്ന് മൃഗശാലയിലെ ഡോക്ടർമാർ കണ്ടെത്തി. ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയിലൂടെ ആനകളിൽ കാര്യമായ മാറ്റം കണ്ടെത്തുകയാണെങ്കിൽ മൃഗശാലകളിലും മറ്റും ജീവിക്കുന്ന നിരവധി മൃഗങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് അധികൃതർ പറയുന്നു. ഇപ്പോൾ ദിവസവും രണ്ടോ മൂന്നോ തവണയാണ് ആനകൾക്ക് സി.ബി.ഡി ഓയിൽ നൽകുന്നത്.