ആംസ്റ്റർഡാം: ഈ വർഷത്തെ ബുക്കർ പുരസ്കാരം നെതർലൻഡ് സ്വദേശിയായ മരീകെ ലൂകാസ് റീൻവെൽഡ് സ്വന്തമാക്കി. ദ് ഡിസ്കംഫർട്ട് ഒഫ് ഈവനിംഗ് (THE DISCOMFORT OF EVENING) എന്ന പ്രഥമ നോവലിനാണ് പുരസ്കാരം.
29 വയസുള്ള മരീകെ ബുക്കർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. കവി എന്ന നിലയിൽ ശ്രദ്ധ നേടിയ മരീക പിന്നീടാണ് കഥാ മേഖയിലേക്ക് വരുന്നത്.
50,000 പൗണ്ട് (ഏകദേശം 49 ലക്ഷംരൂപ) ആണ് സമ്മാനത്തുക. ഇംഗ്ലീഷ് ഇതര ഭാഷകളിൽ പ്രസിദ്ധപ്പെടുത്തി, പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇംഗ്ലണ്ടിലോ അയർലണ്ടിലോ പ്രസിദ്ധീകരിച്ച നോവലുകളോ ചെറുകഥാ സമാഹാരങ്ങളോ ആണ് അവാർഡിന് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ പരിഭാഷക, മിഷേൽ ഹച്ചിസൺ റീൻവെല്ഡും പുരസ്കാരത്തുക പങ്കിടും.മേയ് മാസം പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരം കൊവിഡിനെ തുടർന്നാണ് നീട്ടിവെച്ചത്.
ദി മെമറി പൊലീസ് (ജപ്പാൻ), ഹറികെയ്ൻ സീസൺ (സ്പാനിഷ്), റ്റിൽ (ജർമ്മൻ), ദി അഡ്വഞ്ചേഴ്സ് ഒഫ് ചൈന അയൺ (സ്പാനിഷ്), ദി എൻലൈറ്റ്മെന്റ് ഒഫ് ദി ഗ്രീൻഗേജ് ട്രീ (ഫാഴ്സി) എന്നിവയാണ് അവസാന റൗണ്ടിൽ ഇടംപിടിച്ച പുസ്തകങ്ങൾ
അവനുമല്ല, അവളുമല്ല
മരീക ഒരു നോൺ ബൈനറി വ്യക്തിയാണ്. അതായത്, മരീക തന്നെ ഒരു പുരുഷനായും സ്ത്രീയായും കാണുന്നു. നോൺ ബൈനറി വ്യക്തിത്വങ്ങളെ 'അവർ" എന്നാണ് വിശേഷിപ്പിക്കണ്ടത്.
കഥാസാരം
നെതർലൻഡ്സിൽ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു യാഥാസ്ഥിക ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന കഥയാണ് ദ് ഡിസ്കംഫർട്ട് ഒഫ് ഈവനിങ്. യാസ് എന്ന കുട്ടിയാണ് കേന്ദ്ര ബിന്ദു. യാസിന്റെ സഹോദരന്റെ മരണവും അത് കുടുംബത്തിന് മാനസികമായി ഉണ്ടാക്കുന്ന മുറിവുകളും ഓർമ്മകളുമാണ് ഇതിവൃത്തം. മരീകയുടെ കുടുംബ കഥ തന്നെയാണ് നോവലിന് ആധാരമായത്.