പത്തനംതിട്ട:പമ്പയുടെ കുളിരേറ്റ്, മരങ്ങളുടെ തണലറിഞ്ഞ്, തറവാടിന്റെ തിണ്ണയ്ക്ക് വിളക്ക് തെളിച്ച് ആറൻമുളേശനെ പ്രാർത്ഥിച്ച് കാവിലെ പൂജയും കഴിഞ്ഞ് മടങ്ങണം. മണ്ണിന്റെയും മരങ്ങളുടെയും നദികളുടെയും പൈതൃകത്തിന്റെയും പാട്ടുകാരിയായ സുഗതകുമാരിയുടെ മോഹമാണത്. ലോക്ഡൗൺ ഇല്ലായിരുന്നെങ്കിൽ ഈ ഓണത്തിന് ആറൻമുളയിലെ വാഴുവേൽ തറവാട്ടിൽ കവയിത്രിയുടെ മനസിൽ ഓർമ്മകളുടെ അമ്പലമണികൾ മുഴങ്ങുമായിരുന്നു.
സുഗതകുമാരി ജനിച്ചുവളർന്ന, നാല് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള തറവാട് പുനരുദ്ധരിക്കുകയാണ്. അറയും നിരയും ഏകശാലയും (ഒറ്റമുറി) രണ്ടു മുറികളും അടുക്കളയും. എല്ലാം നിലനിർത്തി പഴമയുടെ പ്രൗഢിയിൽ പുതുക്കിപ്പണിത തറവാട്ടിൽ ഈ ഒാണത്തിന് കവയിത്രിയെ എത്തിക്കാനായിരുന്നു പുരാവസ്തു വകുപ്പിന്റെ തീരുമാനം. അവസാന പണികൾ ലോക് ഡൗൺ മാറ്റിമറിച്ചു.
രണ്ട് പ്രളയത്തെ അതിജീവിച്ചെങ്കിലും ജീർണത കണ്ടതോടെ രണ്ട് വർഷം മുൻപ് സുഗതകുമാരിയുടെ 84ാം പിറന്നാളിൽ സർക്കാർ പുരാവസ്തു സ്മാരകമായി തറവാട് ഏറ്റെടുക്കുകയായിരുന്നു. ദ്രവിച്ച ആഞ്ഞിലിത്തടി ഭിത്തികളും ഒാടും മാറ്റി പുതിയ തടിയിലും ഒാടിലും പുനർനിർമ്മിച്ചു. ഇനി തറയോട് പാകണം.
ഇതുവരെ 65 ലക്ഷം ചെലവായി. 15ലക്ഷം കൂടി വേണമെന്ന് എൻജിനീയർമാർ പറയുന്നു.
ആറൻമുള വാസ്തുവിദ്യാഗുരുകുലം തയ്യാറാക്കിയ രൂപരേഖ സുഗതകുമാരി അംഗീകരിച്ചാണ് നിർമ്മാണം തുടങ്ങിയത്. ഒാരോ ഘട്ടത്തിന്റെയും വീഡിയോ സുഗതകുമാരിയെ കാണിച്ചിരുന്നു. നടപ്പാത കോൺക്രീറ്റ് ചെയ്യേണ്ടിയിരുന്നില്ല. പഴയ മൺപാത മതി ഭൂമിയുടെ പാട്ടുകാരിക്ക്.
ചരിത്രമുറങ്ങുന്ന തറവാട്
രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ സംവാദങ്ങളും തിരുവാതിര, ഞാറ്റുവേല പാട്ടുകളുമായി നാടിന് വെളിച്ചമായിരുന്നു ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിന് കിഴക്ക് ഐക്കര ജംഗ്ഷനിലെ തറവാട്. സ്വാതന്ത്ര്യ സമരകാലത്ത് ചർച്ചകളുടെ വേദിയായി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ തറവാട്ടിൽ സൂക്ഷിച്ചിരുന്നു.
പണി പൂർത്തിയായാലും ഉടമസ്ഥാവകാശം സുഗതകുമാരിക്കാണ്. സുഗതകുമാരിയുടെ ഗ്രന്ഥങ്ങളുടെ ലൈബ്രറി സ്ഥാപിക്കണമെന്നും ആറൻമുളയുടെ പൈതൃകമായ പുരാവസ്തുക്കളുടെ മ്യൂസിയമാക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. തീരുമാനങ്ങളെല്ലാം കവയിത്രിയുടേതാണ്.