വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ചൈനീസ് ആക്ടിവിസ്റ്റ്. ചൈനയുടെ ദുർഭരണത്തിനെതിരെ നൽകാവുന്ന ഏറ്റവും നല്ല മറുപടിയായിരിക്കും ഇതെന്നാണ് ചൈനീസ് മനുഷ്യാവകാശ പ്രവർത്തകനായ ഷെൻ ഗുവാൻ ഷെങ് പറയുന്നത്. റിപ്പബ്ളിക്കൻ നാഷണൽ കൺവെൻഷനിൽ സംസാരിക്കവേയാണ് ഷെൻ ട്രംപിനു വേണ്ടി വോട്ടു ചോദിച്ചത്.
'രാജ്യത്തെ ദുർഭരണത്തിനെതിരെ നിലകൊള്ളുകയെന്നത് ചെറിയ കാര്യമല്ല. ഒരു കുടുംബത്തിൽ ഒരു കുട്ടി ഉൾപ്പെടെ ചൈനീസ് സർക്കാരിന്റെ പല നയങ്ങളെയും ഞാൻ എതിർത്തു. അതിന് എനിക്ക് കിട്ടിയ ശിക്ഷ മർദ്ദനവും വേട്ടയാടലും ജയിൽ വാസവുമൊക്കെയായിരുന്നു. അവർ അവരുടെ ജനതയെ ഭയപ്പെടുത്തുകയാണ്. അത് ലോകത്തിന്റെ നന്മയെത്തന്നെ ഇല്ലാതാക്കുന്നു. അതുകൊണ്ടു തന്നെ അമേരിക്കക്കാർ തങ്ങളുടെ സമ്മതിദാനാവകാശം ചൈനയുടെ അതിക്രമങ്ങൾ തടയാൻ കൂടി ഉപയോഗിക്കണം." ഷെൻ പറഞ്ഞു.
പ്രസിഡന്റ് ട്രംപ് നിലവിൽ നടത്തുന്ന യുദ്ധം നമ്മുടെ ഭാവിക്ക് കൂടി വേണ്ടിയാണെന്നും ഷെൻ പറയുന്നു. നിലവിൽ ചൈനയിൽ നിരവധി മനുഷ്യാവകാശ പ്രവർത്തകർ തടവിലാണ്. കോൺസൻട്രേഷൻ ക്യാംപുകളിൽ കഴിയുന്ന ഉയിഗർ മുസ്ളിങ്ങളെ ഓർക്കണമെന്നും ഷെൻ കൂട്ടിച്ചേർക്കുന്നു. ഷെന്നിന്റെ പ്രസംഗം ട്രംപിന്റെ പ്രചാരണ പരിപാടികളിലെ പ്രധാന ആയുധമായി മാറിക്കഴിഞ്ഞു.