ബീജിംഗ്: ടിക്ടോക് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കെവിൻ മേയർ രാജിവച്ചു. ചൈനീസ് കമ്പനിയായ ബൈറ്റ് ഡൈൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക് ദേശീയ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അമേരിക്കയിൽ നിരോധിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിനെതിരെ ടിക്ടോക് നിയമനടപടി തേടിയതിന് തൊട്ടു പിന്നാലെയാണ് രാജി.
'കുറച്ച് ആഴ്ചകളായി രാഷ്ട്രീയപരിസ്ഥിതിയിൽ ഏറെ മാറ്റം വന്നിട്ടുണ്ട്. ഏകീകൃത ചട്ടക്കൂടിനാവശ്യമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുകയായിരുന്നു എന്റെ പദവിയുടെ ഉത്തരവാദിത്വം. അത് പൂർണമായി നിറവേറ്റി കഴിഞ്ഞിരിക്കുകയാണ്. നിലവിലെ അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കമ്പനിയിൽ നിന്ന് വിടവാങ്ങുന്ന കാര്യം ഏറെ വിഷമത്തോടെ നിങ്ങളെ അറിയിക്കുന്നു'. കെവിൻ രാജിക്കത്തിൽ കുറിച്ചു. രാജി ടിക്ടോക് സ്ഥിരീകരിച്ചിട്ടുണ്ട്.
കെവിന് പകരം കമ്പനി ജനറൽ മാനേജർ വനേസ പപ്പാസ് താത്കാലിക സി.ഇ.ഒ ആയി സ്ഥാനമേറ്റെടുക്കും.
അതേസമയം, അമേരിക്കയിലും ഇന്ത്യയിലും ടിക്ടോക് സംബന്ധിച്ച് ഉരുത്തിരിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ബൈറ്റ് ഡാൻസ് സ്ഥാപകൻ യിമിംഗ് ഴാങ് വ്യക്തമാക്കി.