കൊല്ലം: ഓണക്കാലമെത്തിയിട്ടും എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ് സജീവമല്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഓണക്കാലത്ത് ഏറ്റവും കുറച്ച് കേസുകൾ മാത്രമാണ് എക്സൈസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യാജചാരായവും കഞ്ചാവും മിക്കയിടത്തും സുലഭമാണെന്നും പരിശോധനയിൽ നിന്ന് ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ആക്ഷേപമുണ്ട്. ചെറിയ അളവിൽ ചാരായമോ കഞ്ചാവോ പിടികൂടിയാൽ കേസില്ലാതെ വിട്ടയയ്ക്കുന്നതായും ആരോപണങ്ങളുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്താൽ കൊവിഡ് പരിശോധന അടക്കം ഒട്ടേറെ നൂലാമാലകളുള്ളതിനാൽ ചെറിയ കേസുകൾക്കുനേരെ കണ്ണടയ്ക്കുകയാണ് ഉദ്യോഗസ്ഥർ.
ഒരു പ്രത്യേക കേന്ദ്രത്തിൽ മാത്രമല്ല, എക്സൈസിന്റെ ഒട്ടുമിക്ക സ്റ്റേഷനുകളും ഓണക്കാല സ്പെഷ്യൽ ഡ്രൈവിന്റെ കാര്യത്തിൽ ഇത്തവണ കാര്യക്ഷമമല്ല. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പരിശോധനകൾ നടത്തുന്നതിലെ ബുദ്ധിമുട്ടുകളാണ് പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കൊവിഡ് ബാധിച്ച് എക്സൈസ് ഡ്രൈവർ മരിക്കുകയും പലയിടത്തും ഡ്യൂട്ടിക്കിടെയുണ്ടായ സമ്പർക്കത്തിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ രോഗബാധിതരാകുകയും ചെയ്ത സാഹചര്യത്തിൽ ഓണക്കാല സ്പെഷ്യൽ ഡ്രൈവ് വെല്ലുവിളിയായി മാറുകയായിരുന്നു.
ലഹരി സംഘങ്ങൾ സജീവം
ഓണത്തെ ലഹരിയിൽ മുക്കാൻ സ്പിരിറ്റും ലഹരി വസ്തുക്കളും കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങൾ നിരവധിയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ചരക്ക് വാഹനങ്ങളിലുമാണ് കള്ളക്കടത്ത്. ലോക്ക് ഡൗൺ കാലത്തും അൺലോക്കിന് ശേഷവും സംസ്ഥാനത്തിന്റെ പലഭാഗത്തും പച്ചക്കറി വാഹനങ്ങളിലും പാഴ്സൽ വാനുകളിലും കഞ്ചാവും സ്പിരിറ്റും കേരളത്തിലേക്ക് കടത്തിയത് പിടികൂടിയിരുന്നു. കൊവിഡ് വ്യാപന സാഹചര്യത്തിൽ വാഹനങ്ങൾ പരിശോധിക്കാനും പരിമിതിയുണ്ട്. പി.പി.ഇ കിറ്റുൾപ്പെടെയുള്ള സുരക്ഷാ കവചങ്ങളുടെ സഹായത്തോടെ മാത്രമേ പരിശോധനകൾ സാദ്ധ്യമാകൂ. കഞ്ചാവ് വിൽപ്പനയും സജീവമാണ്. എക്സൈസ് അലംഭാവം കാട്ടിയാൽ ഈ ഓണക്കാലത്ത് സ്ഥിതി മോശമാകും.
സ്പെഷ്യൽ ഡ്രൈവ്
ആഘോഷവേളകളിലും തിരഞ്ഞെടുപ്പ് പോലുള്ള പ്രത്യേക അവസരങ്ങളിലും മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാനുള്ള പ്രത്യേക എൻഫോഴ്സ് മെന്റ് നടപടിയാണ് സ്പെഷ്യൽ ഡ്രൈവ്. താഴെത്തട്ട് മുതൽ മുകളറ്റം വരെ മുഴുവൻ ഉദ്യോഗസ്ഥരും ദിവസം മുഴുവൻ പരിശോധനകളിൽ വ്യാപൃതരാകുന്നതോടെ കുറ്രകൃത്യങ്ങൾ അമർച്ചചെയ്യാനും ദുരന്തങ്ങൾ ഒഴിവാക്കാനുമാകുമെന്നതാണ് നേട്ടം.