മുംബയ് : 35 കോടി രൂപ നൽകണമെന്ന് ഭീഷണപ്പെടുത്തി മുംബയിലെ അധോലോക കുറ്റവാളി അബു സലീമിന്റെ സംഘത്തിൽപ്പെട്ടതെന്ന് അവകാശപ്പെടുന്ന വ്യക്തി തനിക്ക് ഫോണിൽ സന്ദേശം അയച്ചെന്ന് കാട്ടി ബോളിവുഡ് സംവിധായകനും നടനുമായ മഹേഷ് മഞ്ജ്‌രേക്കർ മുംബയ് പൊലീസിൽ പരാതി നൽകി. മഞ്ജ്‌രേക്കറുടെ പരാതി മുംബയ് പൊലീസിന്റെ ആന്റി എക്സ്‌റ്റോർഷൻ സെല്ലിന് കൈമാറി അന്വേഷണം ആരംഭിച്ചു. 1993 മുംബയ് സ്ഫോടന പരമ്പരയിലെ പ്രതിയായ അബു സലീം ഇപ്പോൾ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ദേശീയ പുരസ്കാര ജേതാവായ മഞ്ജ്‌രേക്കർ ' വാസ്തവ്, അസ്തിത്വ, വിരുദ്ധ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.