sakthi-kantha-das

മുംബയ്: കൊവിഡ് കാലത്തും രാജ്യത്തെ ബാങ്കിംഗ് സമ്പ്രദായം മാറ്റമില്ലാതെ തുടർന്നുവെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൊവിഡ് മഹാമാരി അടങ്ങിയതിനുശേഷം ശ്രദ്ധാപൂർവമുള്ള തന്ത്രങ്ങളെ പിന്തുടരേണ്ടതുണ്ട്. രാജ്യത്തിന്റെ സാമ്പത്തികനില സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് മൂലമുണ്ടായ സാമ്പത്തികാഘാതം വിലയിരുത്തുന്നത് ഏറെ പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതത്തെ മറികടക്കാൻ റിസർവ് ബാങ്ക് ദീർഘകാല നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. കൊവിഡാനന്തര കാലത്ത് വളരെ ഫലപ്രദവും ദീർഘവീക്ഷണമുള്ളതുമായ സാമ്പത്തിക ആസൂത്രണങ്ങൾ നമുക്ക് ആവശ്യമുണ്ട്. നിരക്ക് കുറയ്ക്കലിലൂടെയും മറ്റ് നയപരമായ പ്രവർത്തനങ്ങളിലൂടെയും ബാങ്കിംഗ് സമ്പ്രദായം സുഗമമായി നീങ്ങി. അപകടസാദ്ധ്യതകൾ പ്രകടിപ്പിക്കുന്നത് ബാങ്കുകളെ സ്വയം പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ തോതിനെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്‌തത ലഭിച്ചാൽ പണപ്പെരുപ്പത്തെക്കുറിച്ചും വളർച്ചാനിരക്കിനെക്കുറിച്ചുമുള്ള കൃത്യമായ കണക്കുകൾ റിസർവ് ബാങ്ക് പുറത്തുവിടും.കൊവിഡ് കാലത്തും തടസങ്ങളില്ലാതെ പ്രവർത്തിച്ച ബാങ്ക് ഉദ്യോഗസ്ഥരെ ഗവർണർ അഭിനന്ദിച്ചു.