dolphins

പോർട്ട് ലൂയിസ്: മൗറീഷ്യസിലെ ദ്വീപുകളിൽ തിമിംഗലങ്ങളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ഗ്രാൻഡ് സാബിൾ ബീച്ചിൽ കണ്ടെത്തിയ 18 ഓളം തിമിംഗലങ്ങളാണ് ചത്തത്. ഇവയിൽ പലതിനും മാരകമായി മുറിവേറ്റിരുന്നതായാണ് റിപ്പോർട്ട്. മൗറീഷ്യസിലെ കടലിൽ ജപ്പാന്റെ കപ്പൽ തകർന്ന് എണ്ണ ചോർച്ചയുണ്ടായതാണ് കൂട്ട മരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഈ മാസം ആദ്യമാണ് ജപ്പാൻ കപ്പൽ തകർന്നതിനെ തുടർന്ന് 1000 ടൺ ഇന്ധനം ഗ്രാൻഡ് സാബിൾ കടലിൽ ചോർന്നത്. തിമിംഗലങ്ങളിൽ പലതിനെയും കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അധികം വൈകാതെ ചത്തുപോവുകയായിരുന്നു. എന്നാൽ, ഇവയുടെ ശ്വാസനാളത്തിൽ നിന്ന് ഹൈഡ്രോ കാർബൺസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തകർന്ന കപ്പലിന് പരിസരത്തുകൂടി വരുമ്പോഴായിരിക്കണം ഇവയ്ക്ക് പരിക്കേറ്റതെന്നാണ് മൗറീഷ്യസ് മറൈൻ കൺസർവേഷൻ സാെസൈറ്റിയിലെ ഓവൻ ഗ്രിഫിത്ത്സ് പറയുന്നത്. 2005ൽ സമാനമായ രീതിയിൽ 70 ഓളം തിമിംഗലങ്ങൾ ചത്തിരുന്നു.